കോട്ടയം:വഴിയോരങ്ങളിൽ ലോട്ടറി വില്പന നടത്തി ഉപജീവനം നടത്തുന്നവരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം സജീവം.പ്രായമായവർ, നിർധനരായ സ്ത്രീകൾ തുടങ്ങിയ ലോട്ടറി വില്പനക്കാർ ആണ് ഈ സംഘത്തിൻ്റെ ഇരകൾ.കാറുകളിൽ എത്തി 5 - 10 ലോട്ടറികൾ വാങ്ങി രണ്ടായിരം രൂപയുടെ നോട്ട് നൽകി ബാക്കി പണം വാങ്ങി കടന്നു കളയുകയാണ് ഇവരുടെ ശൈലി.ഒറ്റയടിക്ക് നിരവധി ലോട്ടറികൾ വിറ്റ് പോകുന്നത് വഴിയോര ലോട്ടറി വില്പനക്കാർക്ക് സന്തോഷം നൽകുന്നതിനാൽ ഇത്തരക്കാർ നൽകുന്ന നോട്ട് വാങ്ങി തിരിച്ചും മറിച്ചും ഒന്ന് നോക്കുക പോലും ചെയ്യാതെ ലോട്ടറികളും ബാക്കി പണവും നൽകുന്നു. വൈകുന്നേരം ലോട്ടറി അംഗീകൃത ഏജൻസിയിൽ എത്തി പണം നൽകുമ്പോഴാണ് പലരും തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിയുന്നത്.

ചെറിയ ഒരു അശ്രദ്ധയിൽ നഷ്ടപ്പെടുന്നത് പണവും ലോട്ടറികളും
ഒരുമിച്ചാണ്. ഇവർക്ക് ലഭിച്ച രണ്ടായിരം രൂപയുടെ നോട്ടുകൾ എല്ലാം കുട്ടികൾക്ക്
കളിക്കാൻ തയ്യാറാക്കപ്പെട്ട "ചിൽഡ്രൻസ് നോട്ടുകൾ" ആണ്.കോട്ടയം ജില്ലയുടെ പല
ഭാഗങ്ങളിലും ഇങ്ങനെ രണ്ടായിരത്തിൻ്റെ നോട്ട് വാങ്ങി പണം നഷ്ടപ്പെട്ടവർ നിരവധിയാണ്.പൂവത്തുംമൂട്ടിൽ
രണ്ട് സ്ത്രീകളും പാമ്പാടി, കറുകച്ചാൽ എന്നിവിടങ്ങളിൽ മധ്യവയസ്കരുമാണ് കഴിഞ്ഞ ദിവസം ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടത്. മുന്തിയതരം
കാറുകളിൽ എത്തുന്നവർ തങ്ങളെ വഞ്ചിക്കില്ലെന്ന വിശ്വാസം മുതലെടുത്ത് ആണ്
കബളിപ്പിക്കൽ തുടരുന്നത്. പോലീസിൽ പരാതിപ്പെട്ടെങ്കിലും തട്ടിപ്പ് നടത്തിയ സംഘത്തെ
കണ്ടെത്താനായിട്ടില്ല.അതുകൊണ്ട് ലോട്ടറി ചില്ലറ വിൽപ്പനക്കാർ ശ്രദ്ധിക്കേണ്ടത്
2000, 500 നോട്ടുകൾ കിട്ടിയാൽ അത് യഥാർത്ഥ നോട്ട് ആണെന്ന് സ്വയം
ഉറപ്പ് വരുത്തുക. അതുമാത്രമേ പണനഷ്ടം സംഭവിക്കാതിരിക്കാൻ പരിഹാരമുള്ളൂ.