കണ്ണൂര്‍: കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ മണിക്കടവ്, വട്ട്യാംതോട്, നുച്യാട് പുഴകള്‍ കരകവിഞ്ഞു. മൂന്ന് പ്രധാനപാലങ്ങള്‍ വെള്ളത്തിനടിയിലാണ്. വട്ട്യാംതോട്, മാട്ടറ, വയത്തൂര്‍ പാലങ്ങളിലാണ് വെള്ളം കയറിയത്.
ഇതുകാരണം മണിക്കടവ്, മണിപ്പാറ, പീടികക്കുന്ന് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. വാഹനഗതാഗതം നിര്‍ത്തിവെച്ചു. വയത്തൂര്‍ പാലത്തില്‍ കൂടിയുള്ള ഗതാഗതം നിലച്ചിട്ട് രണ്ട് ദിവസമായി. മണിക്കടവ് ടൗണില്‍ വെള്ളം കയറി. ഒട്ടേറെ കടകള്‍ വെള്ളത്തിലാണ്. ഏക്കര്‍ കണക്കിന് പ്രദേശത്ത് കൃഷി നശിച്ചു. രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും പുഴയരികിലും താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അറിയിച്ചു. കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ദുരിതാശ്വാസക്യാമ്പ് തുറക്കുന്നതിന് ആവശ്യമായ നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്.
പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ദുരന്തനിവാരണസേനയുടെ സേവനം എല്ലാ സമയത്തും ലഭ്യമാണ്. നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് ഉളിക്കല്‍ പോലീസും റവന്യൂ അധികൃതരും ആവശ്യപ്പെട്ടു.












































































