കോട്ടയം: ചരിത്രപ്രസിദ്ധമായ തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തിന് വ്യാഴാഴ്ച വൈകിട്ട് 7ന് തന്ത്രി കണ്ഠരര് മോഹനരര് കൊടിയേറ്റും. 20ന് തിരുനക്കര പൂരവും 21ന് വലിയവിളക്കും 22ന് പള്ളിവേട്ടയും നടക്കും. 23നാണ് ആറാട്ട്.
കൊടിയേറ്റ്, ആറാട്ട് ദിവസങ്ങൾ ഒഴികെയുള്ള എട്ട് ദിവസവും ഉത്സവബലിയുണ്ടാകും.അഞ്ചാം ഉത്സവം മുതൽ കാഴ്ചശ്രീബലി, വേലസേവ, മയിലാട്ടം എന്നിവയും 23ന് ആറാട്ടുസദ്യയും നടക്കും.
പത്തു ദിവസം നീണ്ടുനിൽക്കുന്ന തിരുവുത്സവത്തിന് പ്രഗത്ഭ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട്, ക്ഷേത്രകലകൾക്ക് പ്രാധാന്യം നൽകികൊണ്ട് വിവിധ കലാപരിപാടികളും ഉണ്ട്.
ഒന്നാം ഉത്സവദിവസം വൈകുന്നേരം 5.30ന് തിരുനക്കര മഹാദേവ ഭജനസംഘത്തിന്റെ ഭജന, 6.30ന് സ്വാമിയാർ മഠം ആർഷ വിദ്യാപീഠത്തിൻ്റെ വേദഘോഷം എന്നിവയുണ്ടാകും. 7ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം, സഹകരണ തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിൻ്റെ അദ്ധ്യക്ഷതയിൽ കലാപരിപാടികളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവ്വഹിക്കും. നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉത്സവസന്ദേശം നൽകും. സുവനീർ പ്രകാശനം നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ നിർവഹിക്കും. 8.30ന് പിന്നണിഗായിക നിത്യാ മാമൻ നയിക്കുന്ന തൃശൂർ കലാസദന്റെ ഗാനമേള നടക്കും.
രണ്ടാം ഉത്സവദിവസമായ 15ന് വൈകുന്നേരം 5ന് സ്വാമിയാർ മഠം ശ്രീശങ്കരാ തിരുവാതിരകളി അരങ്ങിന്റെ തിരുവാതിര കളി, 5.30ന് ശ്രീക്ഷേത്ര നൃത്തവിദ്യാലയത്തിൻ്റെ ഭരതനാട്യം. 6ന് തിരുനക്കര നാരായണ സത്സംഗസമിതിയുടെ നാരായണീയ പാരായണം, 7ന് അപൂർവ്വ രാഗ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ നൃത്തപരിപാടി, 8ന് അർജുൻ സാംബശിവനും നാരായണൻ ചെന്നൈയും അവതരിപ്പിക്കുന്ന കീബോർഡ് ഡ്യുയറ്റ് കൺസർട്ട്, 10ന് കഥകളി (കഥ: നളചരിതം ഒന്നാം ദിവസം) എന്നിവയും നടക്കും.
മൂന്നാം ഉത്സവദിനമായ 16ന് വൈകുന്നേരം 4.30 മുതൽ ശിവോഹം തിരുനക്കരയുടെ തിരുവാതിര കോൽക്കളി, 5.00ന് ഇടത്തിൽ ഭഗവതി തിരുവാതിര സംഘത്തിൻ്റെ തിരുവാതിരകളി, 5.30ന് ഹരികേശവ് ഡൽഹിയുടെ വയലിൻ കച്ചേരി, 7.30ന് ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേള എന്നിവ അരങ്ങിലെത്തും.
നാലാം ഉത്സവം - 17ന് വൈകുന്നേരം 5ന് വല്ലഭദേശം ഇന്ദ്രജിത്തും പാർട്ടിയുടെ ഓർഗൻ കച്ചേരി, 6ന് വൃന്ദാ ഹരിയുടെ സംഗീതസദസ്, 7ന് ചിന്മയ വിദ്യാലയം അവതരിപ്പിക്കുന്ന ഭജസന്ധ്യ, നൃത്താവിഷ്കാരം, 7.30ന് ഡോ. ആഭാ മോഹൻ്റെ മോഹിനിയാട്ടം, 8ന് കറുകച്ചാൽ നടരാജ കലാക്ഷേത്ര കലാവിദ്യാലയത്തിൻ്റെ നൃത്തം, 8.30ന് ഗോവിന്ദം ബാലഗോകുലത്തിന്റെ നൃത്തനൃത്യങ്ങൾ, 9.30 മുതൽ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യരുടെ സമ്പ്രദായ ഭജന എന്നിവയാണ് കൺവൻഷൻ പന്തലിൽ നടക്കുക.
അഞ്ചാം ഉത്സവം - 18ന് രാവിലെ 7ന് ശ്രീബലി എഴുന്നെള്ളിപ്പ്. നാദസ്വരം - ഏറ്റുമാനൂർ ശ്രീകാന്ത്, തിരുവാർപ്പ് ഗണേശ്, കോട്ടയം റനീഷിൻ്റേയും സംഘത്തിൻ്റെയും സ്പെഷ്യൽ പഞ്ചവാദ്യം, വൈകുന്നേരം 5.30ന് തിരുനക്കര എൻഎസ്എസ് കരയോഗത്തിൻ്റെ തിരുവാതിര, 6ന് കാഴ്ചശ്രീബലി, വിളക്കിത്തല നായർ സമാജത്തിൻ്റെ താലപ്പൊലി ഘോഷയാത്ര, 8.30ന് ആകാശ് കൃഷ്ണ കുമാരനല്ലൂർ നയിക്കുന്ന മെഗാ ഫ്യൂഷൻ- സംഗീതനിശ, 10ന് കഥകളി (കഥ: തോരണയുദ്ധം) എന്നിവയാണ് പരിപാടികൾ.
19ന് (ആറാം ഉത്സവം) വൈകുന്നേരം 4.30ന് തൃക്കാരിയൂർ ശ്രീതിലയ ഭജൻസ് ഗീതാ വാഞ്ജീശ്വരൻ്റേയും സംഘത്തിൻ്റെയും സമ്പ്രദായ ഭജന, 6ന് കാഴ്ചശ്രീബലിയ്ക്ക് ചേർത്തല മനോജ് ശശി, തിരുവൻവണ്ടൂർ അഭിജിത് എന്നിവരുടെ നാദസ്വരം, കാട്ടാമ്പാക്ക് വേലകളി സംഘത്തിന്റെ വേലകളി, 8.30ന് കോട്ടയം ശ്രീമൂകാംബിക നൃത്ത കലാക്ഷേത്രം ആർഎൽവി പ്രദീപ് കുമാറിന്റെ നൃത്യധ്വനി, 10ന് കഥകളി (കഥ: കിരാതം) എന്നിവ നടക്കും.
ഏഴാം ഉത്സവ ദിനമായ 20നാണ് തിരുനക്കര പകൽപ്പൂരം. ഉച്ചക്ക് 12ന് കോട്ടയം വിശ്വകർമ്മാ സർവ്വീസ് സൊസൈറ്റിയുടെ ഡാൻസ്, 1ന് അയ്മനം കെകെഎസ്. കളരിയുടെ കളരിപ്പയറ്റ്, വൈകുന്നേരം 4ന് തിരുനക്കര പൂരം - തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനര് ഭദ്രദീപം തെളിക്കും. കിഴക്കൂട്ട് അനിയൻമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം എന്നിവയുണ്ടാകും. തിരുനക്കര ശിവൻ, തൃക്കടവൂർ ശിവരാജൻ എന്നീ ആനകളാണ് കിഴക്കും പടിഞ്ഞാറും ചേരുവാരങ്ങളിലായി തിടമ്പ് ഏറ്റുന്നത്. ആകെ 22 ഗജവീരന്മാർ പങ്കെടുക്കും. ആറന്മുള ശ്രീകുമാർ, തിരുമല രംഗനാഥ് എന്നിവരുടെ നാദസ്വരവും ഉണ്ടാകും. രാത്രി 10ന് കൊല്ലം കെ.ആർ. പ്രസാദും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് സിനിമ- ചന്ദ്രകാന്ത എന്ന പരിപാടിയും അരങ്ങിലെത്തും.
വലിയവിളക്ക് (എട്ടാം ഉത്സവം) 21ന് . രാവിലെ 7ന് ശ്രീബലി എഴുന്നെള്ളിപ്പ്, വൈക്കം ഷൈജി, വൈക്കം സുമോദ് എന്നിവരുടെ നാദസ്വരം. തൃപ്രയാർ രമേശൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം. വൈകുന്നേരം 4ന് 728-ാം നമ്പർ എൻഎസ്എസ് വനിതാ ഭജനസമിതിയുടെ ഭജന, 5ന് നാട്യപ്രിയ ഡാൻസ് അക്കാഡമിയുടെ കുച്ചിപ്പുടി നൃത്താർച്ചന, 6ന് കാഴ്ചശ്രീബലി എന്നിവയുണ്ടാകും. ദേശവിളക്കായി നടത്തുന്ന വലിയ വിളക്കിന് തിരുവിതാംകൂർ രാജകുടുംബാംഗം പത്മശ്രീ അശ്വതി തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായി ഭദ്രദീപം തെളിക്കും. പത്മശ്രീ ലഭിച്ച തമ്പുരാട്ടിയെ രേണുകാ വിശ്വനാഥൻ ആദരിക്കും. ശബരിമല അയ്യപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാഥൻ മുഖ്യാതിഥിയായെത്തും. 8.30ന് ഏറ്റുമാനൂർ പ്രശാന്ത് വി. കൈമൾ അവതരിപ്പിക്കുന്ന സംഗീതസദസ്സ്, 9.30ന് നാട്യപൂർണ്ണ സ്കൂൾ ഓഫ് ഡാൻസ് നാട്യശ്രീ രാജേഷ് പാമ്പാടിയുടെ ആനന്ദനടനം. 10ന് വലിയവിളക്ക്. ആനിക്കാട് കൃഷ്ണകുമാറിന്റെ പഞ്ചാരിമേളം എന്നിവയുമുണ്ടാകും.
പള്ളിവേട്ടദിനമായ 22ന് രാവിലെ 7ന് ശ്രീബലി എഴുന്നെള്ളിപ്പ്, തിരുമറയൂർ രാജേഷ് മാരാരുടേയും സംഘത്തിന്റെയും സ്പെഷ്യൽ പഞ്ചവാദ്യം, വൈകുന്നേരം 5ന് തിരുനക്കര ആർദ്രാ തിരുവാതിര സംഘത്തിൻ്റെ തിരുവാതിര, 6ന് കാഴ്ചശ്രീബലി - തുറവൂർ നാരായണപണിക്കർ, വൈക്കം വേണു ചെട്ടിയാർ എന്നിവരുടെ നാദസ്വരം, 8.30ന് പിന്നണി ഗായിക അഖില ആനന്ദും ദേവനാരായണനും നയിക്കുന്ന പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള എന്നിവ നടക്കും. രാത്രി 12ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.
ആറാട്ട് ദിവസമായ (പത്താം ഉത്സവം) 23ന് രാവിലെ 7ന് ആറാട്ടു കടവിലേക്ക് എഴുന്നെള്ളിപ്പ്, 11ന് ആറാട്ടുസദ്യ, 11.30ന് കെ.ജി. ഉദയശങ്കറിൻ്റെ ഗാനമേള, വൈകുന്നേരം 4ന് ഫൈൻ ടോൺ മ്യൂസിക് അക്കാദമി അമ്പിളി ഉമേഷിൻ്റേയും സംഘത്തിൻ്റേയും സംഗീതക്കച്ചേരി, 5ന് വളയപ്പെട്ടി എ.ആർ. സുബ്രഹ്മണ്യം (തവിൽ), തിരുകൊള്ളൂർ ഡി. ബാലാജി, കടങ്ങന്നൂർ കെ. ശിലമ്പരശൻ എന്നിവരുടെ നാദസ്വരകച്ചേരി എന്നിവ നടക്കും. 8.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് റ്റി.സി. ഗണേഷ് അദ്ധ്യക്ഷത വഹിക്കും. കേസരി മുഖ്യപത്രാധിപർ എൻ.ആർ. മധു സമ്മേളനം ഉദ്ഘാടനം ചെയ്യും. രാത്രി 10ന് ചിന്മയ സിസ്റ്റേഴ്സ് ചെന്നൈ രാധിക ആൻഡ് ഉമയുടെ ആറാട്ട് കച്ചേരി, 1ന് കടുത്തുരുത്തി ശ്രീകുമാറിന്റെ സോപാന സംഗീതം, വെളുപ്പിന് 1.30ന് ആറാട്ട് എതിരേല്പ്പ്, ദീപക്കാഴ്ച, 5ന് കൊടിയിറക്കോടു കൂടി ഉത്സവപരിപാടികൾ സമാപിക്കും