ആഗോള എണ്ണ വിപണിയെ അമ്പരപ്പിച്ചു കൊണ്ട് ചൈന ലക്ഷ്യമാക്കി നീങ്ങിയ റഷ്യൻ എണ്ണക്കപ്പലുകള്‍ ഭാരതത്തിലേക്ക് തിരിയുന്നു.
ദക്ഷിണ ചൈനാ കടലില്‍ വെച്ച് അപ്രതീക്ഷിതമായി യു-ടേണ്‍ എടുത്ത 'അക്വാ ടൈറ്റൻ' (Aqua Titan) ഉള്‍പ്പെടെയുള്ള കൂറ്റൻ ടാങ്കറുകള്‍ ഇപ്പോള്‍ ഇന്ത്യൻ തീരങ്ങളിലേക്ക് കുതിക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇന്ധന വിപണിയിലുണ്ടായ പ്രതിസന്ധി മറികടക്കാൻ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഭാരതം ഇരട്ടിയാക്കിയതാണ് ഈ നാടകീയ മാറ്റത്തിന് പിന്നില്‍. ചൈനയിലെ റിഷാവോ (Rizhao) തുറമുഖത്തേക്ക് സിഗ്നല്‍ നല്‍കിയിരുന്ന കപ്പലുകള്‍ പാതിവഴിയില്‍ യാത്ര റദ്ദാക്കി ഇന്ത്യയിലേക്ക് തിരിഞ്ഞത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചർച്ചയായിട്ടുണ്ട്.
വെറും ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം ഭാരതം റഷ്യയില്‍ നിന്ന് 30 ദശലക്ഷം ബാരല്‍ എണ്ണയാണ് സ്വന്തമാക്കിയത്. പശ്ചിമേഷ്യയിലെ യുദ്ധം കാരണം മുടങ്ങിയ എണ്ണ വിതരണം ഈ നീക്കത്തിലൂടെ പരിഹരിക്കാൻ ഭാരതത്തിന് സാധിക്കും. 'അക്വാ ടൈറ്റൻ' മാർച്ച് 21-ഓടെ ന്യൂ മംഗലാപുരം തുറമുഖത്ത് എത്തുമെന്നാണ് റിപ്പോർട്ട്. ഇതു കൂടാതെ കസാഖ്സ്ഥാനില്‍ നിന്നുള്ള എണ്ണയുമായി എത്തുന്ന 'സൂയസ്മാക്സ് സുസു എൻ' (Suezmax Zouzou N.) എന്ന കപ്പലും ചൈനയിലേക്കുള്ള യാത്ര അവസാനിപ്പിച്ച് ഗുജറാത്തിലെ സിക്ക (Sikka) തുറമുഖത്തേക്ക് തിരിച്ചു വിട്ടിട്ടുണ്ട്. ഇത് മാർച്ച് 25-ന് ഇന്ത്യയിലെത്തും.
ഷിപ്പ് ട്രാക്കിംഗ് ഡാറ്റ പ്രകാരം കുറഞ്ഞത് ഏഴ് റഷ്യൻ എണ്ണക്കപ്പലുകളാണ് ചൈനയെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരുന്നത്. ചൈനയ്ക്ക് എണ്ണ നല്‍കാതെ ഭാരതത്തിന് മുൻഗണന നല്‍കുന്ന റഷ്യയുടെ നിലപാട് ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള നയതന്ത്ര ബന്ധത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാൻ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇത് വരും ദിവസങ്ങളില്‍ എണ്ണവില വർദ്ധിക്കാൻ കാരണമായേക്കാം. ഇന്ത്യയിലെ എല്ലാ പ്രമുഖ എണ്ണ ശുദ്ധീകരണശാലകളും ഇപ്പോള്‍ റഷ്യൻ വിപണിയില്‍ സജീവമാണ്. ചൈനയെ മറികടന്ന് റഷ്യൻ എണ്ണയുടെ പ്രധാന കേന്ദ്രമായി ഭാരതം മാറുന്നത് ആഗോള സാമ്പത്തിക ക്രമത്തില്‍ ഇന്ത്യയുടെ കരുത്ത് വർദ്ധിപ്പിക്കും.












































































