എറണാകുളം : കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.
സാരമായി പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ലില്ലി ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇവർക്കൊപ്പം ചികിത്സയിൽ കഴിഞ്ഞിരുന്ന ഭർത്താവ് ജോൺ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 50 ശതമാനത്തിലധികം പൊള്ളലാണ് ലില്ലിയുടെ ശരീരത്തിൽ ഏറ്റിരുന്നത്. ചികിത്സയിൽ തുടരുന്നതിനിടെ ഇന്ന് രാവിലെയോടെ ലില്ലിയുടെ നില ഗുരുതരമാകുക യായിരുന്നു. ഇതേ തുടർന്ന് ഇന്ന് വൈകീട്ടോടെയായിരുന്നു ലില്ലിയുടെ മരണം.ഒക്ടോബർ 29-നായിരുന്നു കളമശ്ശേരിയിൽ സ്‌ഫോടനം ഉണ്ടായത്. യഹോവസാക്ഷികളുടെ കൺവെൻഷൻ നടക്കുന്നതിനിടെ ആയിരുന്നു സംഭവം












































































