നിയമസഭയിൽ മന്ത്രിമാരും ചില ഭരണപക്ഷ എംഎൽഎമാരും സഭ്യമല്ലാത്ത പരാമർശങ്ങൾ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതിഷേധമുയർത്തിയതിന് പിന്നാലെ സഭ വിട്ടിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ പരാമർശങ്ങളെല്ലാം സ്പീക്കർ കേട്ടുകൊണ്ടിരുന്നെന്നും അതിന് കുടപിടിച്ചെന്നും അദ്ദേഹം ആരോപിച്ചു. വാച്ച് ആൻഡ് വാർഡിനെ നിർത്തിക്കൊണ്ടാണ് സഭ നടത്തിക്കൊണ്ടുപോകാൻ സ്പീക്കർ ശ്രമിച്ചത്.
എം വിൻസെന്റ് എംഎൽഎയെ വാച്ച് ആൻഡ് വാർഡ് തടഞ്ഞുവെച്ചു. അദ്ദേഹത്തിന് ശ്വാസതടസ്സമുണ്ടായി. സനീഷ് കുമാറിന് മുറിവേറ്റു. കേട്ടാലറയ്ക്കന്ന വാക്കുകളാണു സഭയിൽ പറഞ്ഞത്. പി.പി. ചിത്തരഞ്ജൻ എംഎൽഎ ഭിന്നശേഷിക്കാരെ അപമാനിച്ചു കൊണ്ടാണ് സംസാരിച്ചത്. രണ്ടുകൈയും ഇല്ലാത്ത ആളുകൾ വേണ്ടാത്തിടത്ത് ഉറുമ്പ് കയറിയാൽ എന്തും ചെയ്യുമെന്നാണ് എംഎൽഎ പറഞ്ഞത്. അദ്ദേഹം വളരെ നിലവാരം കുറഞ്ഞ പരാമർശം നടത്തി. കെഎസ്ആർടിസിയിലെ ഐഎൻടിയുസി പ്രസിഡൻ്റ് കൂടിയായ എം വിൻസെന്റ്റിനെക്കുറിച്ച് വളരെ തെറ്റായ പരാമർശം മന്ത്രി ഗണേഷ് കുമാർ നടത്തി.