പുനലൂർ: സംസ്ഥാന ഹൈവേയ്ക്ക് സമീപം പുനലൂർ മുക്കടവ് ആളുകേറാമലയില്‍ മൃതദേഹം ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് തിരിച്ചറിഞ്ഞു.
ആലപ്പുഴ സ്വദേശിയായ അനിക്കുട്ടൻ എന്ന പാപ്പർ (45 വയസ്സ്) ആണ് പ്രതിയെന്ന് പോലീസ് സംശയിക്കുന്നു. ഇയാളുടെ ഫോട്ടോകളടക്കം വിശദ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
ഒരാഴ്ച പഴക്കമുള്ള മൃതദേഹം സെപ്റ്റംബർ 23-നാണ് കണ്ടെത്തിയത്. തുടക്കത്തില്‍ അന്വേഷണം പ്രതിബന്ധങ്ങള്‍ നിറഞ്ഞതായിരുന്നു. മൃതദേഹം ബന്ധിച്ചിരുന്ന ചങ്ങലയുടെ ഉറവിടം അറിയുന്നതിനു വേണ്ടി പോലീസ് ആദ്യം ശ്രമങ്ങള്‍ നടത്തി. ചങ്ങല മോഷണം പോയിട്ടുണ്ടോയെന്ന് അന്വേഷിച്ചു. എന്നാല്‍, മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ പെട്രോള്‍ കന്നാസ് പോലീസന്വേഷണത്തെ ശരിയായ ദിശയിലേക്ക് വഴിതിരിച്ചു വിട്ടു. ഈ കന്നാസാണ് അനിക്കുട്ടനിലേക്ക് അന്വേഷണം നീങ്ങാൻ കാരണം. ചങ്ങല കൂടാതെ ഒഴിഞ്ഞ കന്നാസ്, കുപ്പി, കീറിയ ബാഗ്, കത്രിക തുടങ്ങിയവയും പ്രധാന തെളിവുകളായി കിട്ടിയിരുന്നു. വലത് കൈയിലും കാലുകളിലും ചങ്ങല ചുറ്റി മരത്തിലൂടെ താഴിട്ട് പൂട്ടിയ നിലയിലായിരുന്നു മൃതശരീരം. വസ്ത്രങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തീകത്തിച്ച് മുഖം വികൃതമാക്കിയിരുന്നു.
മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ പെട്രോള്‍ കന്നാസ് പിടിച്ചു കൊണ്ട് അനിക്കുട്ടൻ ആളുകേറാമലയുടെ അടുത്തുള്ള പമ്പില്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ വെച്ച് പോലീസ് ആളെ അന്വേഷിച്ചു. അനിക്കുട്ടനിലേക്ക് അന്വേഷണമെത്തി. ഇയാളുടെ ആധാർ അടക്കമുള്ള എല്ലാ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. അനിക്കുട്ടൻ ടൈല്‍സ് തൊഴിലാളിയാണ്. ഇയാള്‍ നാടുവിട്ട് പോയിട്ടുണ്ടാകാമെന്ന സംശയത്തില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അതെസമയം കൊല്ലപ്പെട്ട മധ്യവയസ്കനെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഡിഎൻഎ പരിശോധന നടത്തിയിട്ടുണ്ട്. കണ്ടെത്തിയ മൃതദേഹത്തിന് ഇടത് നെഞ്ചില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മുഖം ഉള്‍പ്പെടെ ശരീരഭാഗം ആസിഡ് ഒഴിച്ച് ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു. ഇടത് കാലിന് സ്വാധീനമില്ലാത്തയാളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.















































































