ന്യൂഡൽഹി: ട്രെയിനിലെ രാത്രി യാത്രക്കാർക്ക് പുതിയ നിയമവുമായി ഇന്ത്യൻ
റെയിൽവേ. നിയമം ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും റെയിൽവേ അറിയിച്ചു. അതത്
കോച്ചുകളിലോ സീറ്റുകളിലോ കമ്പാർട്ട്മെൻ്റുകളിലോ ഉള്ള യാത്രക്കാർ ഇയർഫോണുകൾ
ഉപയോഗിച്ച് മാത്രമേ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടുള്ളൂ.ട്രെയിനുകളിൽ പൊതു മര്യാദ
പാലിക്കണം. പുകവലി, മദ്യപാനം,
യാത്രക്കാരുടെ സ്വീകാര്യതക്കെതിരായ പ്രവർത്തനങ്ങൾ
എന്നിവ യാത്രയിൽ അനുവദനീയമല്ലെന്നും റെയിൽവേ നിയമത്തിൽ പറയുന്നു. രാത്രി 10
മണിക്ക് ശേഷം ബാധകമാകുന്ന നിയമമാണ്
നടപ്പിലാക്കാൻ പോകുന്നത്. ഉച്ചത്തിൽ ശബ്ദമുണ്ടാക്കാനോ പാട്ട് കേൾക്കാനോ
അനാവശ്യമായി വെട്ടം തെളിക്കാനോ പാടില്ലെന്ന് നിയമത്തിൽ പറയുന്നു.
രാത്രി യാത്രക്കാർക്കായുള്ള റെയിൽവേയുടെ നിയമങ്ങൾ:
1. രാത്രി 10 മണിക്ക് ശേഷം ടിക്കറ്റ് പരിശോധിക്കാൻ ടിടിഇക്ക് വരാൻ കഴിയില്ല.
2. രാത്രിയിൽ തെളിച്ചിരിക്കുന്ന ലൈറ്റുകൾ ഒഴികെ മറ്റു ലൈറ്റുകൾ
അണക്കണം.
3. കൂട്ടമായി യാത്ര ചെയ്യുന്നവർക്ക് രാത്രി 10മണിക്ക് ശേഷം ആശയവിനിമയം നടത്താൻ കഴിയില്ല.
4. മിഡിൽ ബെർത്ത് യാത്രക്കാരൻ സീറ്റ് നിവർത്തണമെന്ന ആവശ്യം ഉന്നയിച്ചാൽ താഴെ ബർത്തിലിരിക്കുന്നവർ എതിർക്കാൻ പാടുള്ളതല്ല.
5. രാത്രി 10 മണിക്ക് ശേഷം ട്രെയിനിൽ ഭക്ഷണം വിൽക്കാൻ പാടില്ല. എന്നാൽ ഇ-കാറ്ററിംഗ് സേവനങ്ങൾ ഉപയോഗിച്ച് ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ്.
