വാഹന ഉടമകള്‍ക്ക് 3,000 രൂപ ഒറ്റത്തവണ അടച്ച് ഒരു വർഷം അല്ലെങ്കില്‍ 200 ടോള്‍ ഇടപാടുകള്‍ ഇതില്‍ ഏതാണ് ആദ്യം പൂർത്തിയാകുന്നത് എന്ന രീതിയില്‍ ഉപയോഗിക്കാം. നിലവില്‍ രാജ്യത്തുടനീളമുള്ള 1,150 ടോള്‍ പ്ലാസകളില്‍ ഈ സൗകര്യം ബാധകമാണ്. ആരംഭിച്ച് വെറും നാല് ദിവസത്തിനുള്ളില്‍, ഈ പാസിന് വലിയ പ്രതികരണമാണ് ലഭിച്ചത്. അഞ്ച് ലക്ഷത്തിലധികം വാഹന ഉടമകള്‍ ഫാസ്റ്റ് ടാഗ് വാർഷിക പാസ് തിരഞ്ഞെടുത്തു. എന്നാല്‍, ഇത് വരും കാലങ്ങളില്‍ സർക്കാരിന് നഷ്ടമുണ്ടാക്കിയേക്കാം എന്നാണ് പുതിയ റിപ്പോട്ടുകള്‍. ഈ പാസ് ദേശീയപാതാ അതോറിറ്റിക്ക് പ്രതിവർഷം 4,500 കോടി രൂപ വരെ അധിക ബാധ്യത വരുത്തിവയ്ക്കുമെന്ന് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ പറയുന്നു. ടോള്‍ ഫീസ് പിരിവ് സ്ഥാപനങ്ങള്‍ക്ക് ഏജൻസി പൂർണ്ണമായി നഷ്ടപരിഹാരം നല്‍കാൻ തുടങ്ങിയാല്‍ എൻഎച്ച്‌എഐയുടെ വരുമാനത്തില്‍ ഇടിവ് സംഭവിക്കുമെന്ന് ഐസിആർഎ പ്രവചിക്കുന്നു.
എന്താണ് വാഷിക പാസിന്‍റെ ഗുണം?
ഇത് ടോള്‍ പ്ലാസകളില്‍ എത്തുമ്പോള്‍ ഫാസ്‍ടാഗിലെ ബാലൻസിനെക്കുറിച്ചുള്ള പിരിമുറുക്കം ഇല്ലാതാക്കുകയും പതിവായി യാത്ര ചെയ്യുന്നവർക്ക് പണം ലാഭിക്കുകയും ചെയ്യും. മാത്രമല്ല ഇത് ടോള്‍ പ്ലാസകളിലെ ഗതാഗതവും ബുദ്ധിമുട്ടുകളും കുറയ്ക്കും.
ദേശീയപാതാ അതോറിറ്റിക്ക് എങ്ങനെ നഷ്‍ടം?
ടോള്‍ ഓപ്പറേറ്റർമാർക്ക് വരുമാന നഷ്ടം നികത്തുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഇതിനകം പറഞ്ഞിട്ടുണ്ട്. ഇതിനായി ഒരു ഏകീകൃത നഷ്ടപരിഹാര സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍, ടോള്‍ ഓപ്പറേറ്റർമാർക്ക് സർക്കാർ പൂർണ്ണമായി നഷ്ടപരിഹാരം നല്‍കിയാല്‍ ദേശീയപാതാ അതോറിറ്റിക്ക് പ്രതിവർഷം 4,200 മുതല്‍ 4,500 കോടി രൂപ വരെ അധിക ബാധ്യത ഉണ്ടാകുമെന്ന് ഐസിആർഎ പറയുന്നു. ഇതുസംബന്ധിച്ച ഒരു റിപ്പോർട്ടും ഐസിആർഎ പങ്കുവെച്ചിട്ടുണ്ട്. അതിന്റെ ചില പ്രധാന കാര്യങ്ങള്‍ നമുക്ക് നോക്കാം.
ഐസിആർഎ റിപ്പോർട്ടിലെ പ്രധാന പോയിന്റുകള്‍:
ടോള്‍ വരുമാനത്തിന്റെ ഏകദേശം 35-40% സംഭാവന ചെയ്യുന്നത് പാസഞ്ചർ കാർ ഗതാഗതമാണെന്ന് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ പറയുന്നു. മെട്രോ നഗരങ്ങള്‍ക്ക് ചുറ്റുമുള്ള ഹൈവേകളില്‍ ഈ വിഹിതം ഇതിലും കൂടുതലാണെന്നും ഐസിആർഎ പറയുന്നു. മാത്രമല്ല, ഇന്റർസിറ്റി യാത്ര കുറവുള്ള ആളുകള്‍ക്കോ ടാക്സി ഓപ്പറേറ്റർമാർക്കോ ഈ പാസിന്റെ പ്രയോജനം ലഭിക്കില്ല എന്നും മൊത്തം ടോള്‍ പിരിവിന്‍റെ ആറ് മുതല്‍ ഏഴ് ശതമാനം വരെ മാത്രമേ ഇതിന്റെ ആഘാതം ഉണ്ടാകൂ എന്ന് കണക്കാക്കപ്പെടുന്നു. 2025 സാമ്പത്തിക വർഷത്തില്‍ ദേശീയപാതാ അതോറിറ്റി മൊത്തം 72,931 കോടി രൂപ ടോള്‍ വരുമാനം പിരിച്ചു. ഐസിആർഎയുടെ കണക്ക് ശരിയാണെങ്കില്‍, 2026 സാമ്പത്തിക വർഷത്തില്‍ ഇത് കുറഞ്ഞേക്കാം.