കൊച്ചി: നിലമ്പൂര്‍ മണ്ഡലത്തിലെ ആദിവാസികളുടെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്വയം നടപടികള്‍ സ്വീകരിക്കൂവെന്ന് പൊതുതാല്‍പര്യ ഹര്‍ജിക്കാരനും സ്ഥലം എംഎല്‍എയുമായ ആര്യാടന്‍ ഷൗക്കത്തിനോട് ഹൈക്കോടതി. ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാനുള്ള കര്‍ത്തവ്യം എംഎല്‍എ എന്ന നിലയില്‍ സ്വയം ഏറ്റെടുക്കണം. അക്കാര്യം നിര്‍വ്വഹിക്കാന്‍ ആര്യാടന്‍ ഷൗക്കത്തിനെത്തന്നെ ചുമതലപ്പെടുത്തുന്നുവെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആദിവാസി പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലാവശ്യപ്പെട്ട് ആര്യാടന്‍ ഷൗക്കത്ത് രണ്ട് വര്‍ഷം മുന്‍പ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
എംഎല്‍എ ആയ സാഹചര്യത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടിയപ്പോഴാണ് ഹൈക്കോടതിയുടെ അസാധാരണ നിര്‍ദ്ദേശം. പ്രശ്നങ്ങള്‍ പരിഹരിക്കാനായി ആര്യാടന്‍ ഷൗക്കത്ത് ഇടപെടണം. പരാജയപ്പെട്ടാല്‍ വീണ്ടും കോടതിയെ സമീപിക്കാം. ജനപ്രതിനിധി എന്ന നിലയില്‍ ഉന്നത സ്ഥാനത്താണ് ഹര്‍ജിക്കാരന്‍. പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യങ്ങള്‍ എംഎല്‍എയുടെ പ്രകടന പത്രികയാകണം. ഹൈക്കോടതിയോടല്ല ഇക്കാര്യം ആവശ്യപ്പെടേണ്ടത്. കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി നിര്‍ബന്ധിതരാക്കരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു.
ഹര്‍ജി പിന്‍വലിക്കാനുള്ള ആവശ്യം ആശ്ചര്യപ്പെടുത്തി. ആര്യാടന്‍ ഷൗക്കത്ത് പ്രദേശത്തെ എംഎല്‍എയായ സാഹചര്യത്തില്‍ പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ഉയര്‍ത്തിയ വിഷയങ്ങള്‍ പരിഹരിക്കാന്‍ ഹര്‍ജിക്കാരന്‍ പ്രാപ്തനാണെന്നും നിരീക്ഷിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. 2018ലും 2019ലും ഉണ്ടായ പ്രളയത്തില്‍ ഒലിച്ചുപോയ പാലം പുനര്‍ നിര്‍മ്മിക്കണമെന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങളാണ് 2023 ജൂലൈയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ആര്യാടന്‍ ഷൗക്കത്ത് ഉന്നയിച്ചത്.