കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികള്‍ അപഹരിച്ച കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ റിമാൻഡ് കാലാവധി 30 വരെ കൊല്ലം വിജിലൻസ് കോടതി നീട്ടി.
കേസില്‍ പത്മകുമാർ നല്‍കിയ ജാമ്യാപേക്ഷയില്‍ അന്ന് വിധി പറയും.
റിമാൻഡ് കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് പത്മകുമാറിനെ ഇന്നലെ കൊല്ലം വിജിലൻസ് കോടതിയില്‍ ഹാജരാക്കിയത്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികള്‍ അപഹരിച്ച കേസിലും കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലും മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജികളും 30ന് പരിഗണിക്കും.
ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഇന്ന് വിജിലൻസ് കോടതിയില്‍ നേരിട്ട് ഹാജരാക്കിയേക്കും. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയിലും വിജിലൻസ് കോടതി ഇന്ന് വിധി പറയും.















































































