ശാന്ത സമുദ്രത്തിലെ ഒരു ചെറിയ ദ്വീപിലെ നിവാസികള്‍ മുഴുവൻ അവരുടെ ജന്മദേശം വിട്ട് ഓസ്‌ട്രേലിയയിലേക്ക് കുടിയേറുകയാണ്. ലോകത്തില്‍ തന്നെ ആദ്യമായാണ് ഒരു രാജ്യത്തിലെ ആളുകള്‍ മുഴുവൻ മറ്റൊരു രാജ്യത്തേക്ക് ഷിഫ്റ്റ് ചെയ്യപ്പെടുന്നത്. രാജ്യത്തിന്റെ പേര് ടുവാലു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഭൂലോകത്ത് നടക്കുന്ന ആദ്യത്തെ കുടിയേറ്റമാണിതെന്നാണ് വിവരം.
അടുത്ത 25 വർഷത്തിനുള്ളില്‍ ടുവാലു മുഴുവനായും കടലിനടയിലാവുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതോടെ ഇവിടെ താമസിക്കുന്നവരെല്ലാം ഇവിടം വിടാൻ നിർബന്ധിതരായെന്ന് വേണം പറയാൻ. പതിനൊന്നായിരം പേർ മാത്രമാണ് ഇവിടുള്ളത്. ജലനിരപ്പ് ഉയരും തോറും മുങ്ങിക്കൊണ്ടിരിക്കുന്ന ഈ ദ്വീപ രാഷ്ട്രം, സമുദ്രനിരപ്പില്‍ നിന്നും വെറും രണ്ട് മീറ്റർ മുകളില്‍ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. മുങ്ങിക്കൊണ്ടിരിക്കുന്ന ടുവാലുവില്‍ ജലക്ഷാമം, ആവാസ വ്യവസ്ഥയുടെ നാശം, തീവ്ര കാലാവസ്ഥ വ്യതിയാനമെല്ലാം വലിയ ഭീഷണിയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുകയാണ്. ഇതോടെ തീരശോഷണത്തിന്റെ ഭീഷണി ഏറ്റവും അധികം നേരിടുന്ന രാജ്യവുമാണ് ഈ കൊച്ചുദ്വീപ്.
ഓസ്‌ട്രേലിയയും ടുവാലുവും 2023ല്‍ ഒപ്പിട്ട കരാറ് പ്രകാരമാണ് കുടിയേറ്റം. ഒരുവർഷം 280 ടുവാലു പൗരന്മാർക്ക് ഓസ്‌ട്രേലിയയില്‍ സ്ഥിരമായി താമസിക്കാനുള്ള അനുമതി നല്‍കും. അതും എല്ലാ അവകാശങ്ങളോടും കൂടി. അപേക്ഷ നല്‍കേണ്ട ആദ്യ ഘട്ടത്തില്‍ 8750 രജിസ്‌ട്രേഷനാണ് നടന്നിരിക്കുന്നത്. തെക്കൻ ശാന്ത സമുദ്രത്തില്‍ ഓസ്‌ട്രേലിയയ്ക്കും ഹവായ്ക്കും ഇടയിലാണ് ഒമ്പത് കുഞ്ഞൻ ദ്വീപുകളുടെ കൂട്ടമായ ടുവാലു സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യമാണിത്. ജനസംഖ്യയില്‍ പകുതിയോളവും തലസ്ഥാനമായ ഫ്യൂനാഫുട്ടിയിലാണ് താമസം. വത്തിക്കാൻ സിറ്റിക്ക് പിന്നില്‍ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ടുവാലു.