പാലാ: എല്‍ഡിഎഫിന്റെ എന്‍സിപി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ ലീഡ് 4000 കടന്നു. വോട്ടെണ്ണല്‍ എട്ടു പഞ്ചായത്തുകള്‍ കടക്കുമ്പോള്‍ മാണി സി കാപ്പന്റെ ലീഡ് 4106 ആയി ഉയര്‍ന്നു. ഇതുവരെ എണ്ണിയ മുഴുവന്‍ പഞ്ചായത്തിലും എല്‍ഡിഎഫിന് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. വോട്ടെണ്ണല്‍ ഏറെക്കുറെ പകുതിയോളം പൂര്‍ത്തിയാകുമ്പോള്‍ മാണി സി കാപ്പന് ഇതുവരെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
22887 വോട്ടുകള്‍ മാണി സി കാപ്പന് നേടിയപ്പോള്‍ 18789 വോട്ടുകള്‍ മാത്രമാണ് ജോസ് ടോമിന് കിട്ടിയത്. എന്‍ ഹരിക്ക് 6890 വോട്ടുകളും
കിട്ടി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മാണി സി കാപ്പനെ പിന്നിലാക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. ശക്തികേന്ദ്രങ്ങളായി വിലയിരുത്തുന്ന രാമപുരം, കടനാട്, മൂന്നിലവ്, ഭരണങ്ങാനം പഞ്ചായത്തുകളില്‍ മാണി സി കാപ്പന് മികവ് കാട്ടാനായിരുന്നു.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ശക്തമായ മുന്‍ തൂക്കം കിട്ടിയ പഞ്ചായത്താണ് രാമപുരം. ഇവിടെ ആദ്യം മുതല്‍ ലീഡ് നേടിയ മാണി സി കാപ്പന് പിന്നാലെ കടനാടിലും നില നിര്‍ത്തി. മേലുകാവിലും ആധിപത്യം തുടര്‍ന്നതോടെ ഒരിടത്തും മുന്നേറാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് നേടാനായില്ല. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകളായിരുന്നു. തപാല്‍ വോട്ടിലെ ആകെ 15 എണ്ണത്തില്‍ മൂന്ന് വോട്ടുകള്‍ അസാധുവായിരുന്നു. സര്‍വീസ് വോട്ടുകളിലും രണ്ടെണ്ണം അസാധുവായിരുന്നു.
മൊത്തം 176 ബൂത്തുകളിലായി 127939 വോട്ടുകളാണ് പാലായില്‍ ആകെ പോള്‍ ചെയ്തത്. പതിവ് തെറ്റിച്ച് സാവധാനമാണ് വോട്ടെണ്ണല്‍ നടന്നത്. ഏറെ വൈകിയാണ് വോട്ടെണ്ണല്‍ തുടങ്ങിയതും വിവരങ്ങള്‍ പുറത്തുവന്നതും. എട്ടരയ്ക്ക് ശേഷമായിരുന്നു ആദ്യ സൂചന പുറത്തുവന്നത്. ഒരു മണിക്കൂറോളം വൈകിയാണ് എണ്ണാനായി ഇവിഎം പുറത്തെടുത്തതും. പാലായില്‍ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
ഔദ്യോഗിക സ്ഥാനാര്‍ത്ഥികളായി മാണിസി കാപ്പന് ഒന്നാമതും എന്‍ ഹരി രണ്ടാമതും വരുമ്പോള്‍ ഏഴാമതാണ് യുഡിഎഫ് സ്വതന്ത്രനായ ജോസ് ടോം വരുന്നത്. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി, പാല, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം എന്നിങ്ങനെ 12 പഞ്ചായത്തുകളും ഒരു നഗരസഭയുമാണ് പാലാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.