തിരുവനന്തപുരം: സഭയോടും ദീപിക പത്രത്തോടുമുള്ള ഉള്ള പോര് നീട്ടേണ്ടെന്ന നിലപാടിൽ ബിജെപി നേതൃത്വം. വിമർശനം സഭക്ക് എതിരെ അല്ല ദീപികക്ക് എതിരെ എന്ന് നേതൃത്വം കോർ കമ്മിറ്റിയിൽ വിശദീകരിച്ചു. പി സി ജോർജിന്റെയും ഷോണ്‍ ജോർജിന്‍റെയും സഭാ വിമർശനം യോഗത്തിൽ ചർച്ചയായി. പാർട്ടി അറിവോടെ ആണോ ഇരുവരുടെയും വിമർശനമെന്ന് ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ ചോദിച്ചു. എന്നാൽ സഭയെ അല്ല ദീപികയിലെ ലേഖനങ്ങളെ ആണ് വിമർശിച്ചതെന്നാണ് ജോർജും ഷോണും മറുപടി നൽകിയതെന്ന് നേതൃത്വം വിശദീകരിച്ചു. അതേസമയം പോര് നീട്ടേണ്ടെന്ന നിലപാടിലാണ് നേതൃത്വം. ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്ന് നേതൃത്വം വിലയിരുത്തുമ്പോഴും സഭയെ പിണക്കേണ്ടെന്ന് യോഗത്തിൽ ധാരണയായി.
അതേസമയം ശോഭ സുരേന്ദ്രനെതിരെ കടുത്ത വിമർശനം യോഗത്തിലുണ്ടായി. ഓഡിയോയിലെ ആരോപണത്തിനെതിരെ കെ സോമൻ വൈകാരികമായി പ്രതികരിച്ചു. എന്നാൽ നേതൃത്വം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം എന്താവുമെന്ന് ജില്ലാ തലത്തിൽ വിശദമായി വിലയിരുത്താനാണ് ബിജെപിയുടെ തീരുമാനം. നേമത്തും കഴക്കൂട്ടത്തും ജയം ഉറപ്പെന്നാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തൽ. മഞ്ചേശ്വരം, ചാത്തന്നൂർ, തൃശൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ അട്ടിമറിയുണ്ടാകുമെന്നും ബിജെപി വിലയിരുത്തുന്നു.
നേമത്ത് ന്യൂനപക്ഷ വോട്ടുകൾ രണ്ടായി വിഭജിച്ചെന്ന് ബിജെപി വിലയിരുത്തുന്നു. ശിവൻകുട്ടിക്കും ശബരീനാഥിനുമായി ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കപ്പെട്ടപ്പോൾ നിഷ്പക്ഷ, യുവ വോട്ടുകൾ രാജീവ് ചന്ദ്രശേഖറിന് ലഭിച്ചെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ. ശബരിമല സ്വർണക്കൊള്ള ചർച്ചാ വിഷയമായത് കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് എതിരും വി മുരളീധരന് അനുകൂലവുമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. കാട്ടാക്കടയിലെ ഉയർന്ന പോളിങിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. മഞ്ചേശ്വരത്ത് ഇത്തവണ പ്രവാസി വോട്ടുകൾ കൂട്ടമായി എത്താത്തത് കെ സുരേന്ദ്രന് ഗുണകരമാകുമെന്നാണ്
ബിജെപിയുടെ വിലയിരുത്തൽ. പാലക്കാടും ചാത്തന്നൂർ, മണലൂർ പോലുള്ള മണ്ഡലങ്ങളിലും അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ബിജെപി കണക്കുകൂട്ടുന്നു.












































































