കുവൈത്തിൽ വിവിധ ദിവസങ്ങളിലായുണ്ടായ ദാരുണ സംഭവങ്ങളിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു.
മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി കുവൈത്ത് എയർവേയ്സ് പ്രത്യേക വിമാനം ചൊവ്വാഴ്ച രാത്രി കൊച്ചിയിലെത്തി.
ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് കുവൈത്ത് വിമാനത്താവളം താൽക്കാലികമായി അടച്ചിരുന്നതാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിൽ വലിയ തടസ്സമായത്.
ഈ സാഹചര്യത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി ഇടപെട്ട് കുവൈത്ത് സർക്കാരിൽ നിന്ന് പ്രത്യേക അനുമതി നേടി, കൊളംബോ വഴിയുള്ള പ്രത്യേക സർവീസ് ക്രമീകരിക്കുകയായിരുന്നു.
മൃതദേഹങ്ങളിൽ ഭൂരിഭാഗവും തമിഴ്‌നാട് സ്വദേശികളുടേതാണ്.
കുവൈത്തിലെ ജലശുദ്ധീകരണ ശാലയ്‌ക്കെതിരായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട രാമനാഥപുരം സ്വദേശി സന്താനസെൽവം കൃഷ്ണൻ ഉൾപ്പെടെ 15 പേരുടെ മൃതദേഹങ്ങൾ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ എത്തി.
കൂടാതെ കോഴിക്കോട്, ആലപ്പുഴ, കോട്ടയം സ്വദേശികളായ അഞ്ച് മലയാളികളുടെ മൃതദേഹങ്ങളും വിമാനത്തിൽ ഉണ്ടായിരുന്നു.
കൊച്ചിയിൽ എത്തിയ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി അവരുടെ നാട്ടുകളിലേക്ക് കൊണ്ടുപോയി.
കണ്ണീരും വേദനയും നിറഞ്ഞ അന്തരീക്ഷത്തിൽ അവസാന യാത്രയ്ക്ക് പ്രിയപ്പെട്ടവരെ കൂട്ടിക്കൊണ്ടുപോയ കാഴ്ചകൾ ഏറെ നൊമ്പരമുളവാക്കുന്നതായിരുന്നു.














































































