ഏറ്റുമാനൂർ: ചികിത്സാ പിഴവ് ആരോപിച്ച് കോട്ടയം മെഡിക്കൽ കോളേജിനെയും ബന്ധപ്പെട്ട ഡോക്ടർമാർക്കെതിരെയും നൽകിയ സിവിൽ കേസ് കോടതി തള്ളി. ഏറ്റുമാനൂർ മുൻസിഫ് കോടതി ജഡ്ജി അന്നു മേരി ജോസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കോതനല്ലൂർ സ്വദേശിയായ യുവതി 2018ൽ പ്രസവത്തിനായി മെഡിക്കൽ കോളേജിൽ പ്രവേശിച്ചപ്പോൾ ഡോക്ടർമാരുടെ ചികിത്സാ പിഴവ് മൂലം കിഡ്നിക്ക് മുറിവ് സംഭവിക്കുകയും തുടർന്ന് സ്ഥിരരോഗിയായി മാറുകയും ചെയ്തതായി ആരോപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് 2022ൽ കേസ് ഫയൽ ചെയ്തത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവരെ പ്രതിചേർത്തായിരുന്നു ഹർജി.
കേസിലെ വിചാരണയും വാദങ്ങളും പൂർത്തിയാക്കിയ ശേഷം സമർപ്പിച്ച തെളിവുകൾ പരിശോധിച്ച് ചികിത്സാ പിഴവ് നടന്നിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് തള്ളിയത്.
കേസിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കായി ഗവൺമെന്റ് പ്ലീഡർ അഡ്വ. നിധിൻ പുല്ലുകാടൻ ഉൾപ്പെടെ നിരവധി അഭിഭാഷകർ ഹാജരായി. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കായി അഡ്വ. എം.സി സുരേഷ് ഹാജരായി.











































































