കോട്ടയം തിരുവഞ്ചൂർ നീലാണ്ടപ്പടി, കോട്ടമുറി ഭാഗത്ത് നായയുടെ ആക്രമണം. ഒൻപതു പേർക്ക് കടിയേറ്റു. കടിയേറ്റ ആറു പേരെ കോട്ടയം മെഡിക്കൽ കോളേജിലും മൂന്നു പേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നീലാണ്ടപ്പടി ഭാഗത്ത് ഇന്ന് വൈകിട്ട് 06.30 ഓടെയാണ് സംഭവം ഉണ്ടായത്.
നാട്ടുകാരെ ആക്രമിച്ചത് തെരുവുനായ ആണെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ ഒരു വീട്ടിൽ വളർത്തിയിരുന്ന നായയാണ് ആക്രമണം നടത്തിയതെന്ന് സംശയമുയർന്നത്. നായയുടെ കഴുത്തിൽ ബെൽറ്റ് കെട്ടിയിരുന്നു.
തെരുവുനായ്ക്ക് പേവിഷബാധയുള്ളതായി സംശയിക്കുന്നു. വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുള്ളതും, നായയെ പിടിക്കുന്നതിനായുള്ള ക്രമീകരണങ്ങൾ ചെയ്തതായും പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു.










































































