ഒരുപാടുപേരുടെ ഇഷ്ടഭക്ഷണമാണ് ഐസ്ക്രീം. ഉത്പാദനരംഗത്ത് പുതിയൊരു പരീക്ഷണമെന്നവണ്ണം മുലപ്പാലിന്റെ രുചിയുള്ള ഐസ്ക്രീം വരുന്നുവെന്ന വാർത്ത ശ്രദ്ധ നേടിയിരുന്നു. അമേരിക്കയിലെ പ്രമുഖ ബേബി ബ്രാൻഡായ ഫ്രീഡയാണ് ഇതിന് പിന്നില്‍. ഇപ്പോഴിതാ അത് യാഥാർഥ്യമായിരിക്കുകയാണ്.
ഫ്രീഡയും ന്യൂയോർക്ക് ആസ്ഥാനമായുള്ള ഓഡ്ഫെല്ലോസ് ഐസ്ക്രീം കമ്പനിയും സഹകരിച്ചാണ് പുതിയ ഐസ്ക്രീം ഫ്ളേവർ അവതരിപ്പിച്ചത്. മുലപ്പാലിന്റെ രുചി നല്‍കാൻ രൂപകല്‍പന ചെയ്ത ഈ ഐസ്ക്രീം, സോഷ്യല്‍മീഡിയയിലടക്കം ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
പ്രമോഷന്റെ ഭാഗമായി 'ബ്രെസ്റ്റ് മില്‍ക്ക് ഐസ്ക്രീം' എന്നെഴുതിയ ഒരു ട്രക്കിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ ചർച്ചകള്‍ക്ക് ആക്കംകൂടി. ഈ ഐസ്ക്രീം മുലപ്പാലിന്റെ രുചി നല്‍കുന്നുണ്ടെങ്കിലും അതില്‍ യഥാർഥത്തില്‍ മുലപ്പാല്‍ അടങ്ങിയിട്ടില്ലെന്ന് യുഎസ്‌എ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഫ്രീഡ പുറത്തിറക്കിയ പ്രസ്താവന പ്രകാരം പാല്‍, ഹെവി ക്രീം, സ്കിം മില്‍ക്ക് പൗഡർ, പഞ്ചസാര, ഡെക്സ്ട്രോസ്, മുട്ടയുടെ മഞ്ഞക്കരു, ഇൻവെർട്ട് ഷുഗർ, ഗ്വാർ ഗം, സാള്‍ട്ടഡ് കാരമല്‍ ഫ്ലേവറിംഗ്, ഹണി സിറപ്പ്, ലിപ്പോസോമല്‍ ബോവൈൻ കൊളസ്ട്രം, യെല്ലോ ഫുഡ് കളറിങ്, 0.1% പ്രൊപ്പൈല്‍പാരബെൻ (പ്രിസർവേറ്റീവ്), എഫ്ഡി&സി റെഡ് 40 എന്നിവയാണ് ബ്രെസ്റ്റ് മില്‍ക്ക് ഐസ്ക്രീമില്‍ അടങ്ങിയിരിക്കുന്നത്.
ഈ ഐസ്ക്രീമിന് 'മധുരവും, നേരിയ ഉപ്പുരസവും, മൃദുലമായ ഘടനയുമാണുള്ളത്. തേനിന്റെയും കൊളസ്ട്രത്തിന്റെയും നേരിയ അംശങ്ങളോടൊപ്പം, കൊളസ്ട്രത്തിന്റേതായ മഞ്ഞ നിറവുമുണ്ട്' എന്നാണ് ഫ്രീഡയുടെ പ്രസ്താവനയില്‍ പറയുന്നത്. ഫ്രീഡയുടെ വെബ്സൈറ്റിലൂടെയാണ് ഐസ്ക്രീം വില്‍ക്കുന്നത്.
മുലപ്പാലിലുള്ള വിറ്റാമിനുകളും മറ്റുഘടകങ്ങളെല്ലാം ഇതിലുള്‍പ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഒമേഗ-3 ഫാറ്റ്സ്, ലാക്ടോസ്, കാല്‍സിയം, വിറ്റാമിൻ ബി, വിറ്റാമിൻ ഡി എന്നിവയടങ്ങിയ ഐസ്ക്രീം ആണ് ഇതെന്നാണ് റിപ്പോർട്ട്.