കൊച്ചി: കൊച്ചി നഗരത്തിൽ
പട്ടാപ്പകൽ യുവതിയെ
കുത്തിപരിക്കേൽപ്പിച്ച് യുവാവ്. കൊച്ചി
രവിപുരത്തെ റേയ്സ് ട്രാവൽസിൽ ജോലിചെയ്യുന്ന തൊടുപുഴ സ്വദേശി സൂര്യ(27)യ്ക്ക് നേരേയാണ്
ആക്രമണമുണ്ടായത്. വിസയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് യുവാവ് ട്രാവൽസിലെത്തി ജീവനക്കാരിയായ യുവതിയെ ആക്രമിച്ചത്. പ്രതിയായ പള്ളുരുത്തി സ്വദേശി ജോളിയെ പോലീസ്
കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

രവിപുരത്തെ റേയ്സ് ട്രാവൽസിൽ വിസയ്ക്കായി പ്രതി പണം നൽകിയിരുന്നു. എന്നാൽ വിസ ശരിയായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട്
സ്ഥാപനത്തിലെ ജീവനക്കാരിയായ സൂര്യയുമായി യുവാവ് വാക്ക് തർക്കത്തിലേർപ്പെടുകയും
കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.
പരിക്കേറ്റ സൂര്യ ഭയന്നുനിലവിളിച്ച് സമീപത്തെ ഹോട്ടലിലേക്കാണ് ഓടിക്കയറിയത്.
തുടർന്ന് ഹോട്ടലിലെ ജീവനക്കാരനും സൗത്ത് പോലീസും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ
പ്രവേശിപ്പിച്ചത്.