കോട്ടയത്ത് സ്ഥിതി ചെയ്യുന്ന മാർത്തോമ്മാ വൈദിക സെമിനാരി ശതാബ്ദിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 24നു ജറുസലം മാർത്തോമ്മാ പള്ളിയിൽ നടത്തും. വൈകിട്ട് 3.30നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം നിർവഹിക്കും.
കോട്ടയം കൊച്ചി ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിക്കും.
ശതാബ്ദിയോടനുബന്ധിച്ച് അക്കാദമിക് സെമിനാറുകളും പൂർവവിദ്യാർഥി സംഗമങ്ങളും നടക്കും. കുട്ടികൾക്കും സ്ത്രീ കൾക്കും യുവാക്കൾക്കും മുതിർന്നവർക്കുമായി നേതൃത്വ പരിശീലന ക്ലാസുകളുണ്ടാകും. 5 മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികളിൽ സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്നവർക്കു സഹായം നൽകും. പരിസ്ഥിതി സംരക്ഷണ ത്തിനായി 1000 മരത്തൈകൾ നട്ടുപിടിപ്പിക്കും.
1815ൽ ആണു സെമിനാരി സ്‌ഥാപിതമായത്. 1926ൽ ശുശ്രൂഷകരെ പരിശീലിപ്പിക്കുന്ന ദൗത്യത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഡോ. കെ.കെ.കുരുവിള ആയിരുന്നു ആദ്യ പ്രിൻസിപ്പൽ.
സെമിനാരി പ്രിൻസിപ്പൽ റവ. എം.സി.തോമസ്, ജനറൽ കൺവീനർ റവ. എ.ഫിലിപ് ജോൺ, റവ. വി.എം.മാത്യു എന്നിവർ ശതാബ്ദി ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.












































































