ബെംഗളുരു: കർണാടകയിൽ നാടിനെ നടുക്കി ക്രൂരകൊലപാതകം. കൈപ്പത്തിയുമായി തെരുവുനായ റോഡിലൂടെ പോകുന്നത് നാട്ടുകാർ കണ്ടതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തുടർന്ന് തുംകുരു താലൂക്കിലെ ബെല്ലാവി സ്വദേശിനിയായ നാൽപ്പത്തിരണ്ടുകാരി ലക്ഷ്മിദേവമ്മയാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിന്നാലെ ഗ്രാമത്തിലെ പത്തിടങ്ങളിൽ നിന്നാണ് ലക്ഷ്മിദേവമ്മയുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഓഗസ്റ്റ് നാല് മുതൽ ലക്ഷ്മിദേവമ്മയെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും പൊലീസും.
ആരാണ് കൊലപാതകത്തിനു പിന്നിലെന്നും കാരണം എന്തെന്നും ഇതുവരെ വ്യക്തമായിട്ടില്ല. ചിമ്പുഗനഹള്ളിയിലെ മുത്യാലമ്മ ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാവിലെയാണ് ഒരു കൈപ്പത്തിയുമായി തെരുവുനായയെ നാട്ടുകാർ കണ്ടത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ തരത്തിൽ മറ്റൊരു കൈപ്പത്തിയും സമീപത്ത് നിന്ന് കണ്ടെത്തി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലിംഗപുര റോഡ് പാലത്തിന് സമീപത്തു നിന്നും ബെൻഡോൺ നഴ്സറിക്ക് സമീപത്തുനിന്നും ജോണിഗരഹള്ളിക്ക് സമീപവുമായി പലപല ശരീരഭാഗങ്ങൾ കണ്ടെടുത്തു.
സിദ്ധാരബെട്ടയ്ക്കും നെഗലാലിനും ഇടയിലുള്ള റോഡിൽ രണ്ട് ബാഗുകൾക്കുള്ളിൽ നിന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സിദ്ധാരബെട്ടയ്ക്ക് സമീപം തലയും കണ്ടെടുത്തു. കൊരട്ടഗരെ, കൊളാല പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന 10 സ്ഥലങ്ങളിൽ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. കൈകളിലെയും മുഖത്തെയും ടാറ്റുവിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്മിദേവമ്മയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
ഓഗസ്റ്റ് നാലുമുതൽ ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് ഭർത്താവ് ബസവരാജു ബെല്ലാവി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഓഗസ്റ്റ് മൂന്നിന് മകളെ കാണാൻ ലക്ഷ്മിദേവമ്മ ഉർഡിഗെരെയിലേക്ക് പോയിരുന്നെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് പരാതിയിൽ പറയുന്നു. 2022-ലെ ശ്രദ്ധ വാക്കർ കേസിനെ ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം. 27 വയസ്സുള്ള ശ്രദ്ധയെ അവരുടെ ലിവ്-ഇൻ പങ്കാളി കൊലപ്പെടുത്തുകയും വെട്ടിനുറുക്കിയ മൃതദേഹം ഡൽഹിയിലെ ഒരു വനത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു.