തേനി: പ്രായമായ മാതാപിതാക്കളെ പരിചരിക്കാത്ത മകളുടെ പക്കൽ നിന്ന് ഭൂമി പിടിച്ചെടുത്ത് റവന്യൂ അധികൃതർ. തമിഴ്‌നാട്ടിലെ തേനി ചിന്നമന്നൂർ പ്രദേശത്താണ് അഞ്ച് കോടി രൂപ വിലവരുന്ന ഭൂമി റവന്യു വകുപ്പ് അധികൃതർ പിടിച്ചെടുത്തത്. തുടർന്ന് ഭൂമി മാതാവ് ലോകമണിക്ക് റവന്യൂ വകുപ്പ് തിരിച്ചുനൽകി.
ഓടപ്പെട്ടി സ്വദേശികളായ കലൈമണി - ലോകമണി ദമ്പതികളുടെ ഭൂമിയാണ് മാതാവിന് തിരികെ ലഭിച്ചത്. ഇരുവർക്കും അഞ്ച് ആൺമക്കളാണുള്ളത്. ഇതിൽ രണ്ട് പേർ സൈന്യത്തിലുമാണ്. വർഷങ്ങൾക്ക് മുൻപ് മക്കളുടെ പേരിൽ 12 ഏക്കർ ഭൂമി ഇരുവരും രജിസ്റ്റർ ചെയ്തുനൽകിയിരുന്നു. എന്നാൽ സ്വത്തുക്കൾ കയ്യിലെത്തിയതോടെ മക്കൾ ഇവരെ അവഗണിച്ചുതുടങ്ങി. ഇതിനെതിരെ ഇരുവരും പരാതി നൽകിയെങ്കിലും പിതാവ് കലൈമണി വൈകാതെ മരണപ്പെട്ടിരുന്നു. തുടർന്നും മക്കളുടെ അവഗണ തുടർന്നപ്പോൾ മാതാവ് ലോകമണി വീണ്ടും പരാതിയുമായി അധികൃതർക്ക് മുൻപിലെത്തി. ഇതിൽ ഇടപെട്ട റവന്യൂ വകുപ്പ് ഭൂമിയുടെ ആധാര രജിസ്‌ട്രേഷൻ റദ്ദാക്കുകയായിരുന്നു.