ക്രിസ്തീയ വിശ്വാസങ്ങൾക്കും, ആരാധനകൾക്കും എതിരായി നടത്തുന്ന ആക്രമണങ്ങൾ അപലപനീയമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും, സി എസ് ഐ ബിഷപ്പ് കൗൺസിൽ സെക്രട്ടറി ബിഷപ്പ് ഡോ മലയിൽ സാബു കോശി ചെറിയാനും പറഞ്ഞു.
മതേതര രാഷ്ട്രീയമായ ഇന്ത്യയിൽ ഏതു മതത്തിൽ വിശ്വസിക്കാനും, ആരാധിക്കാനും, പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നുണ്ടെന്ന് പ. ബസേലിയസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. ഇതിന് ഭൂരിപക്ഷം എന്നോ, ന്യൂനപക്ഷം എന്നോ വ്യത്യാസമില്ല.
ഇതിനെതിരെ പ്രവർത്തിക്കുന്നവർ മനുഷ്യ സമൂഹത്തിന് അപമാനമാണെന്നും,
ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഭരണാധികാരി ഭരണഘടനക്ക് വിപരീതമായി പ്രവർത്തിക്കുന്ന വ്യക്തിയായി മാറുകയാണെന്നും കാതോലിക്കബാവ പ്രതികരിച്ചു.
വിദ്വംസക പ്രവൃത്തികൾ നിരോധിക്കാൻ ഭരണാധികാരികൾ ഇടപെടണമെന്നും, തുടർച്ചയായി ക്രൈസ്തവ സമൂഹത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത് ആശങ്കയുളവാക്കുന്നതായും ബാവ കോട്ടയത്ത് പറഞ്ഞു.
ഭരണ നേതൃത്വത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിയും നേതാക്കളും നിശബ്ദത വെടിയണമെന്ന് സി എസ് ഐ ബിഷപ്പ് കൗൺസിൽ സെക്രട്ടറി ബിഷപ്പ് ഡോ മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു.
ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിൽ ക്രൈസ്തവ മിഷണറിമാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നു.
ഭരണഘടന നൽകുന്ന സ്വാതന്ത്രത്തിന് എതിരായ നടപടിയാണിത്.
12 വർഷമായി അവർ അവിടെ പ്രവർത്തിക്കുന്നതാണെന്നും, മതപരിവർത്തിന് അല്ല കഴിഞ്ഞ ദിവസം വൈദീകനായ സുധീറും കുടുംബവും പോയതെന്നും, ക്രിസ്മസ് - പുതുവത്സ ആരാധനക്കാണ് എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപരാഷ്ട്രപതി ലോക് ഭവനിൽ വിളിച്ച യോഗത്തിൽ ക്രൈസ്തവ വിഭാഗങ്ങൾക്ക് എതിരെയുള്ള ആക്രമണങ്ങിൽ പ്രതിഷേധം അറിയിച്ചിരുന്നതായും ബിഷപ്പ് കോട്ടയത്ത് വ്യക്തമാക്കി.















































































