ലോക്സഭയില്‍ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
10 വർഷത്തിനിടെ ഈ സർക്കാർ നാലു കോടി പാവങ്ങള്‍ക്കാണ് വീട് നല്‍കിയത്. 12 കോടി ശൗചാലയങ്ങള്‍ നിർമിച്ചു. സര്‍ക്കാര്‍ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു. ജനത്തിന്‍റെ പണം ജനത്തിനാണ്. അതാണ് ഈ സർക്കാരിന്‍റെ നയം. അവരുടെ സർക്കാർ ആർക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും മോദി ചോദിച്ചു.
സർക്കാർ പദ്ധതികളെ യൂണിസെഫ് പോലും അംഗീകരിച്ചു. ആദായ നികുതി ഭാരത്തില്‍ നിന്ന് മധ്യവർഗത്തെ ഒഴിവാക്കി.12 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി. പത്ത് വർഷത്തിനിടെ പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് 12 ലക്ഷമായാണ് ഉയർത്തിയതെന്നും മോദി പറഞ്ഞു.
സാങ്കേതിക വിദ്യയിലൂടെ ഈ സർക്കാരിന്‍റെ പദ്ധതികളെ സുതാര്യമാക്കി. രാഷ്ട്രീയ നേട്ടത്തിനായല്ല, എല്ലാം ജനത്തിന് വേണ്ടിയാണ് ചെയ്തത്. പത്ത് വർഷമായി ഈ സർക്കാർ അഴിമതി കാണിച്ചു എന്ന വാക്ക് ഒരു മാധ്യമവും എഴുതിയിട്ടില്ല. ഈ സർക്കാർ പണം ചെലവാക്കിയത് പാവങ്ങള്‍ക്കുവേണ്ടിയാണ്. സ്വര്‍ണ മാളിക പണിയാൻ അല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ചിലർ കൊണ്ടുവന്ന ഗരീബി ഹഠാവോ മുദ്രാവാക്യം ഇന്ന് എവിടെയാണ്.
ചിലര്‍ അധികാരം കിട്ടിയപ്പോള്‍ വലിയ മാളിക പണിതു. ചിലർ ദരിദ്രരുടെ വീടുകളില്‍ പോയി ഫോട്ടോ സെഷൻ നടത്തും. അവർക്ക് സഭയില്‍ പാവങ്ങളുടെ ശബ്ദം ബോറിംഗായി അനുഭവപ്പെടും എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനിടെ അദാനിക്കും അംബാനിക്കും വേണ്ടിയെന്ന് പ്രതിപക്ഷാംഗങ്ങള്‍ പരിഹസിച്ചു. എന്നാല്‍ അവര്‍ക്ക് വലിയ നിരാശയുണ്ടാകുമെന്നും എന്തെങ്കിലും പറഞ്ഞോട്ടെയെന്നും മോദി പരിഹസിച്ചു.














































































