ഖത്തറില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് യു എൻ രക്ഷാസമിതി. ഇസ്രയേലിന്റെ പേര് പറയാതെയാണ് രക്ഷാസമിതി ആക്രമണത്തെ അപലപിച്ചത്. യു കെയും ഫ്രാൻസും ചേർന്നാണ് പ്രസ്താവനയുടെ കരട് തയ്യാറാക്കിയത്. പ്രമേയത്തെ ഇസ്രയേലിന്റെ സഖ്യകക്ഷിയായ അമേരിക്ക ഉള്‍പ്പെടെയുള്ള 15 അംഗങ്ങള്‍ അംഗീകരിച്ചു.
യു എസ് അടക്കമുള്ള എല്ലാ അംഗങ്ങളും പ്രസ്താവനയെ പിന്തുണച്ചു. ഖത്തറിന് സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അംഗങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഒരു കേന്ദ്രം ലക്ഷ്യമാക്കി 15 പോര്‍ വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.
തങ്ങളുടെ അഞ്ച് അംഗങ്ങള്‍ കൊല്ലപ്പെട്ടതായും എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും അത്യാഹിതം സംഭവിച്ചിട്ടില്ലെന്നും ഹമാസ് പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഖത്തറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.