തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം മത്സരിച്ച് മദ്യം കഴിച്ച വിദ്യാർത്ഥിയെ ഗുരുതരാവസ്ഥയിൽ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ ആൽത്തറയിലെ പണി പുരോഗമിക്കുന്ന വീട്ടിലാണ് നഗരത്തിലെ വിവിധ സ്കൂളുകളിലെ ഏഴ് വിദ്യാർത്ഥികള്‍ ഒത്തുചേർന്ന് മദ്യപിച്ചത്.
അമിതമായി മദ്യപിച്ച പ്ലസ്ടു വിദ്യാർത്ഥി കുഴഞ്ഞു വീണതോടെ 5 പേർ ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഒരു വിദ്യാർത്ഥിയാണ് മ്യൂസിയം പൊലിസിനെ വിവരം അറിയിച്ചത്. പൊലീസാണ് സ്ഥലത്തെത്തി വിദ്യാർത്ഥിയെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. തീർത്തും അവശനായ വിദ്യാർത്ഥിയെ തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ മ്യൂസിയം പൊലീസ് ഇതേ വരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. വിവിധ സ്കൂകളിലെ കുട്ടികൾ ചേർന്നാണ് മദ്യപിച്ചത്. വിദ്യാർത്ഥികള്‍ ബെവ്ക്കോ ഔട്ട് ലെറ്റിൽ പോയാണ് മദ്യം വാങ്ങിയത്.