കാസര്‍കോട്: കാസർകോട് കുമ്പളയില്‍ ഡിവൈഎഫ്‌ഐ നേതാവായ അഡ്വ.രഞ്ജിത തൂങ്ങി മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. തിരുവല്ല സ്വദേശിയും കാസർകോട് അഭിഭാഷകനുമായ യുവാവാണ് പിടിയിലായത്. രഞ്ജിതയും കസ്റ്റഡിയില്‍ ഉള്ള അഭിഭാഷകനും വർഷങ്ങളായി സുഹൃത്തുക്കളാണ്. സെപ്റ്റംബർ 30 ന് വൈകുന്നേരമാണ് അഡ്വ രഞ്ജിതയെ കുമ്പളയിലെ സ്വന്തം ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡിവൈഎഫ്‌ഐ കുമ്പള മേഖല പ്രസിഡന്‍റായിരുന്നു അഡ്വക്കേറ്റ് രഞ്ജിത. ഇവര്‍ ഇരുവരും തമ്മിലുള്ള മൊബൈല്‍ ചാറ്റുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യല്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിന് ശേഷം മാത്രമേ തുടര്‍നടപടികളുണ്ടാകൂ എന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരത്ത് നിന്നാണ് അഭിഭാഷകൻ കസ്റ്റഡിയിലായത്. ഇന്ന് വൈകുന്നേരത്തോടെ ഇയാളെ കുമ്പളയിലേക്ക് എത്തിക്കുമെന്നാണ് വിവരം.