കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ സിഇഒ യു.വി. ജോസിനെതിരെ കുരുക്ക് മുറുകുന്നു. അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോസിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ജോസ് കൊച്ചിയിലെ ഇഡി ഓഫീസിലെത്തി. ഇന്നലെയും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള സന്തോഷ് ഈപ്പനൊപ്പം ഇരുത്തിയാകും ജോസിനെ ചോദ്യം ചെയ്യുക. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാര്‍ യൂണിടാക്കിന് നല്‍കിയത് സംബന്ധിച്ച് യു.വി. ജോസിനും അറിവുണ്ടായിരുന്നുവെന്നാണ് സന്തോഷ് ഈപ്പൻ്റെ മൊഴി.

കോഴയുടെ ഒരു പങ്ക് യു.വി. ജോസും കൈപ്പറ്റിയിട്ടുണ്ടെന്നും സന്തോഷ് ഈപ്പന്‍ പറയുന്നു.ചൊവ്വാഴ്ച 9 മണിക്കൂറിലധികം ചോദ്യം ചെയ്താണു ജോസിനെ വിട്ടയച്ചത്. സന്തോഷ് ഈപ്പന്‍ വ്യാഴാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും. പദ്ധതിയുടെ ഭാഗമായി 9 കോടിയോളം രൂപ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ കൈക്കൂലി നല്‍കിയെന്നാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻ്റെ മൊഴി. നിലവില്‍ നാലരക്കോടിയുടെ കോഴയിടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.