കോട്ടയം: നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മെൻസ്ട്രുവൽ കപ്പും സാനിറ്ററി നാപ്കിൻ ഇൻസിനറേറ്ററും വിതരണ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാലാ സെന്റ് തോമസ് കോളജിൽ കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാൻ അഡ്വ. റെജി സക്കറിയ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് അധ്യക്ഷത വഹിച്ചു. വിവിധ കോളജുകളിലും ഹയർ സെക്കൻഡറി സ്‌കൂളുകളിലും കുടുംബശ്രീ യൂണിറ്റുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. പാലാ നഗരസഭാ അധ്യക്ഷ ദിയാ ബിനു പുളിക്കക്കണ്ടം മെൻസ്ട്രുവൽ കപ്പുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി രണ്ട് കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്ത് 316 സ്‌കൂളുകളിൽ സാനിട്ടറി നാപ്കിൻ ഇൻസിനേറ്റർ സ്ഥാപിക്കും. സ്‌കൂൾ - കോളജ് വിദ്യാർഥിനികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ എന്നീ വിഭാഗങ്ങൾക്ക് 1,80,995 മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യും.
നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ എൻ.എസ.് ഷൈൻ, ബ്ലോക്ക് കോർഡിനേറ്റർമാരായ അഞ്ജു ജോസ്, ഷെഫി ജോൺ, ജൈന ജയിംസ്, ജ്യോതിലക്ഷ്മി, വിമൺസ് സെൽ പ്രസിഡന്റ് അലീനാ തോമസ്,അസിസ്റ്റന്റ് ഡീൻ ശില്പ മാത്യു എന്നിവർ പങ്കെടുത്തു.














































































