തൃശൂർ കോടാലിയിൽ വീട്ടിൽ വച്ച് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരൻ അനോഷ് ആശുപത്രി വിട്ടു. അങ്കമാലി അപ്പോളോ ആശുപത്രി അധികൃതർ അനോഷ് പൂർണ ആരോഗ്യവാനായതായി അറിയിച്ചു.
ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം ഗുരുതരമായി ബാധിച്ചിരുന്നെങ്കിലും എല്ലാ പ്രശ്നങ്ങളും പൂര്‍ണമായി ഭേദമായതായി മാറി എന്ന് ഡോക്ടർമാർ വ്യക്തമാക്കി. ന്യൂറോ സംബന്ധമായ ബുദ്ധിമുട്ടുകളും ശ്വാസതടസ്സവും ഇപ്പോൾ ഇല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഏപ്രിൽ 18-ന് പുലർച്ചെയാണ് കോടാലിയിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന അനോഷിനെയും സഹോദരൻ അൽജോയെയും ശംഖുവരയൻ പാമ്പ് കടിച്ചത്. അൽജോയ്ക്ക് ജീവൻ നഷ്ടമായിരുന്നു. അതേസമയം അനോഷ് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുകയായിരുന്നു.
സംഭവത്തെ തുടർന്ന് വികാരാധീനനായി പ്രതികരിച്ച പിതാവ് സിൽജോ, "ഒരു മകൻ പോയി; ഒരാളെയെങ്കിലും തിരികെ കിട്ടണേ എന്ന പ്രാർത്ഥനയായിരുന്നു" എന്ന് പറഞ്ഞു. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് അനോഷും പ്രതികരിച്ചു.
കോടാലിയിലെ വീട്ടിൽ പാമ്പ് ശല്യം പൂര്‍ണമായി ഒഴിവായോ എന്നുറപ്പില്ലാത്തതിനാൽ, അനോഷിനൊപ്പം കുടുംബം ഇപ്പോൾ സഹോദരന്റെ വീട്ടിലേക്ക് താൽക്കാലികമായി മാറിയിരിക്കുകയാണ്.












































































