ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നാല് വയസുകാരിയെ അയൽവാസി വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തിൽ ഗൗരവ് പ്രജാപതി (24) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഗൗരവ് കുട്ടിയെ കൊണ്ടുപോയി. തുടർന്ന് നന്ദ്രഗ്രാമിലെ ഒരു വയലിൽ വച്ച് കുട്ടിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും കുട്ടിയുടെ കുടുംബം പോലീസിനെ അറിയിച്ചിരുന്നു. കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഗൗരവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.













































































