കൊച്ചി: നഗരത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എംഡിഎംഎ യുമായി യുവ ഡോക്ടർ ഉള്‍പ്പെടെ രണ്ടുപേർ പിടിയിലായി. സിറ്റി പോലീസ് ഡാൻസാഫ് സംഘമാണ് ലഹരിവേട്ട നടത്തിയത്. കളമശ്ശേരി കുസാറ്റ് ഭാഗത്തും നോർത്ത് പാലത്തിനു സമീപവുമാണ് പരിശോധനകള്‍ നടന്നത്. കളമശ്ശേരി കുസാറ്റ് ഭാഗത്ത് നടന്ന പരിശോധനയില്‍ 19.79 ഗ്രാം എംഡിഎംഎയുമായി കൊല്ലം പട്ടത്താനം സ്വദേശി ഹാരീസ് (33) ആണ് പിടിയിലായത്. ഹാരിസില്‍ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവ് ഗണ്യമാണെന്ന് പോലീസ് അറിയിച്ചു.
ഇതിനു പിന്നാലെ, നോർത്ത് പാലത്തിനു സമീപം നടത്തിയ മറ്റൊരു പരിശോധനയില്‍ 0.83 ഗ്രാം എംഡിഎംഎയുമായി ഡോ. അംജദ് അഹസാൻ (30) എന്ന യുവ ഡോക്ടറെയും പോലീസ് പിടികൂടി. പറവൂർ വടക്കേക്കര സ്വദേശിയാണ് ഡോ. അംജദ് അഹസാൻ. ഇയാളുടെ കൈവശമുണ്ടായിരുന്ന ചെറിയ അളവിലുള്ള ലഹരിമരുന്നാണ് പിടിച്ചെടുത്തത്.
പിടിയിലായ ഡോ. അംജദ് അഹസാൻ യുക്രെയ്നില്‍ എംബിബിഎസ് പഠനം പൂർത്തിയാക്കിയ വ്യക്തിയാണ്. ഇദ്ദേഹം കോവിഡ് കാലത്ത് കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്നു. കൂടാതെ, കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പാലാരിവട്ടം പോലീസ് നേരത്തെ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മയക്കുമരുന്നു കേസില്‍ മുൻപും പിടിക്കപ്പെട്ട വിദേശ സര്‍ട്ടിഫിക്കറ്റുകാരന് എങ്ങനെ സര്‍ക്കാര്‍ ജോലി കിട്ടി? എന്ന ചോദ്യവും ഇപ്പോള്‍ ബാക്കിയാവുകയാണ്. അതുപോലെ ഡോ അംജാദ് അഹസാന് എംഡിഎംഎ ആര് നല്‍കിയെന്ന ചോദ്യവും ഇപ്പോള്‍ ദുരൂഹമായി തുടരുകയാണ്.
അതേസമയം, പിടിയിലായ വ്യക്തി എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടറാണെന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷഹിർഷ അറിയിച്ചു. ഡോ. അംജദ് അഹസാൻ 2019-20 കാലഘട്ടത്തില്‍ കോവിഡ് കോള്‍ സെന്ററുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്തിരുന്നത്. കോവിഡ് കോള്‍ സെന്ററിന്റെ പ്രവർത്തനങ്ങളോ നിയമനങ്ങളോ ആയി ജനറല്‍ ആശുപത്രിക്ക് യാതൊരു ബന്ധവുമില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.
സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം, ഡെപ്യൂട്ടി കമ്മീഷണർമാരായ അശ്വതി ജിജി, ജുവനപ്പടി മഹേഷ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിശോധനകള്‍ നടന്നത്. നർക്കോട്ടിക്സ് സെല്‍ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. ലഹരിമരുന്ന് വില്‍പ്പന ഉപയോഗം കണ്ടെത്താൻ പോലീസ് നഗരത്തില്‍ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.












































































