ഫിഷറീസ്, അക്വാ കൾച്ചർ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാൻ നോർവേ സഹായം വാഗ്ദാനം ചെയ്തു.
കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാ കൾച്ചർ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാനുമാണ് നോർവേയുടെ സഹായവാഗ്ദാനം.
ഇന്ത്യ-നോർവേ സഹകരണത്തിൽ കേരളം പ്രധാന ഘടകമാണെന്ന് നോർവേ ഫിഷറീസ് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
1953-ൽ കൊല്ലം ജില്ലയിലെ നീണ്ടകരയിൽ ആരംഭിച്ച നോർവീജിയൻ പദ്ധതി കേരളത്തിലെ മത്സ്യബന്ധന മേഖലയിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ വിശദീകരിച്ചു.
മത്സ്യബന്ധന വ്യവസായത്തിന്റെ വികസനം, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ 1952 ഒക്ടോബർ 17-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയും നോർവേയും ഒരു ത്രികക്ഷി കരാറിൽ ഏർപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.