ആലുവ സബ് ജയിൽ സൂപ്രണ്ടിന്റെ ഓഫീസ് പ്രതികൾ അടിച്ചു തകർത്തു.
പ്രതികളെ കീഴ്പ്പെടുത്തുന്നതിനിടെ ചില്ലുകൊണ്ട് ജയിൽവാർഡൻ സരിന്റെ കൈക്ക് പരിക്കേറ്റു.
വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.
എംഡിഎംഎ കേസിൽ പ്രതികളായ അഫ്സൽ പരിത്, ചാൾസ് ഡെന്നിസ്, മുഹമ്മദ് അൻസാർ, മുനീസ് മുസ്തഫ എന്നിവരാണ് ആക്രമണം നടത്തിയത്.
ജയിലിൽ അച്ചടക്കം പാലിക്കാത്തതിനെ തുടർന്ന് ജയിൽ സൂപ്രണ്ട് കോടതിയിൽ റിപ്പോർട്ട് നൽകിയതിന്‍റെ വൈരാഗ്യമാണ് അക്രമത്തിന് കാരണം.
ജയിൽ ഉദ്യോഗസ്ഥർക്കു നേരെ പ്രതികൾ വധഭീഷണിയും മുഴക്കി.
ജയിൽ വാർഡൻ നൽകിയ പരാതിയിൽ ആലുവ പോലീസ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
2022 ൽ അങ്കമാലി പോലീസ് രജിസ്റ്റർ ചെയ്ത മയക്കു മരുന്നു കേസിലെ പ്രതികളാണ് നാല് പേരും.