തൊടുപുഴ: ഓണവിപണി ലക്ഷ്യമിട്ടു വട്ടവടയില്‍ കൃഷി ചെയ്തത് 1,800 ഏക്കർ ശീതകാല പച്ചക്കറി. പ്രതികൂല കാലാവസ്ഥയും വന്യമൃഗശല്യവും ആദ്യം തിരിച്ചടിയായെങ്കിലും വില മെച്ചപ്പെട്ടതു കർഷകർക്കു നേട്ടമായി.
വിളവെടുപ്പിന്‍റെ സമയമായപ്പോള്‍ കാലാവസ്ഥ അനുകൂലമായതാണ് കർഷകർക്കു മെച്ചപ്പെട്ട വില ലഭിക്കാൻ ഇടയാക്കിയത്. തമിഴ്നാട്ടിലേക്കും മറ്റു ജില്ലകളിലേക്കുമാണ് വട്ടവടയില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറി കൂടുതലായി കയറ്റി അയയ്ക്കുന്നത്. അവിടെനിന്ന് അതു കേരളത്തിലേക്ക് എത്തും.
വട്ടവട പഞ്ചായത്തിലെ പ്രധാന കാർഷിക മേഖലകളായ വട്ടവട, കോവിലൂർ, ചിലന്തിയാർ, കടവരി, കൊട്ടക്കൻപൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഓണത്തോടനുബന്ധിച്ചു പച്ചക്കറികളുടെ വിളവെടുപ്പ് നടന്നത്. കാരറ്റ്, കാബേജ്, ബട്ടർ ബീൻസ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ബീൻസ് എന്നിവയുടെ വിളവെടുപ്പാണ് നിലവില്‍ നടന്നത്. കനത്ത മഴയില്‍ ആദ്യം നട്ട പച്ചക്കറിത്തൈകള്‍ വ്യാപകമായി നശിച്ചു നഷ്ടം വന്നെങ്കിലും ഓണസീസണ്‍ കണക്കിലെടുത്തു വീണ്ടും കൃഷിയിറക്കി. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ മെച്ചപ്പെട്ട വിളവ് ലഭിച്ചു.