തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20 ന് പമ്പാതീരത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ചരിത്ര വിജയമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലയിരുത്തി.
ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് ആഗോള അയ്യപ്പ സംഗമത്തിൽ ഉയർന്നു വന്നിട്ടുള്ളത്. ഈ നിർദ്ദേശങ്ങൾ പരിശോധിച്ചു സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ സമയബന്ധിതമായി നടപ്പിലാക്കും.
ശബരിമല ഉയർത്തിപ്പിടിക്കുന്ന മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു ആഗോള അയ്യപ്പ സംഗമം. തത്വമസി എന്ന ഉദാത്തമായ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കുന്നതിന് ആഗോള അയ്യപ്പ സംഗമം സഹായകമാകും.
പവിത്രമായ ശബരിമലയുടെ പേരിൽ വിദ്വേഷ പ്രചരണം സംഘടിപ്പിക്കുന്നവരെ ജനങ്ങൾ ഒറ്റപ്പെടുത്തി എന്നതാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ മഹത് വിജയം സൂചിപ്പിക്കുന്നത്. ആഗോള അയ്യപ്പ സംഗമം ചരിത്രവിജയമാക്കാൻ സഹകരിച്ച എല്ലാ ഭക്തജനങ്ങളോടും തിരുവിതാംകൂർ ദേവസ്വം ബോർഡ് നന്ദി അറിയിച്ചു.
ആഗോള അയ്യപ്പ സംഗമത്തിനു ശേഷം ആദ്യമായി ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗമാണ് വിലയിരുത്തൽ നടത്തിയതെന്ന് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, മെമ്പർമാരായ അഡ്വ. എ അജി കുമാർ, അഡ്വ. പി ഡി സന്തോഷ് കുമാർ അറിയിച്ചു.