കരുതൽ ശേഖരം കുറവായതിനാൽ മണ്ഡലപൂജ വരെ അരവണ വിതരണത്തിലെ നിയന്ത്രണം തുടരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി.
ഒരാൾക്ക് 20 ടിൻ അരവണയാണ് ഇപ്പോൾ നൽകുന്നത്. ഒരു ദിവസം മൂന്നുലക്ഷം അരവണയാണ് ഉത്പാദിപ്പിക്കുന്നതെങ്കിൽ വില്പന നാല് ലക്ഷത്തിന് മുകളിലാണ്.
യാതൊരു നിയന്ത്രണവും ഇല്ലാതെ അരവണ വിതരണം ചെയ്തതാണ് പ്രതിസന്ധി ഉണ്ടാകാൻ കാരണമെന്നും കെ ജയകുമാർ വ്യക്തമാക്കി.
ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് ഈ മാസം 21 മുതൽ കേരള സദ്യ വിളമ്പും.
ഓരോ ദിവസം ഇടവിട്ടാകും സദ്യ നൽകുക. ശബരിമല മാസ്റ്റർ പ്ലാനിലെ വേഗത്തിൽ നടപ്പാക്കാനാകുന്ന പദ്ധതികളെ കുറിച്ച് വ്യാഴാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും.
തന്ത്രിയുടെയും മേൽശാന്തിയുടെയും മഠം ഉൾപ്പെടെയുള്ളവ മാറ്റി സ്ഥാപിക്കുന്ന പദ്ധതികൾ അടുത്ത സീസണിന് മുമ്പ് പൂർത്തിയാക്കാനാകുമോയെന്ന് പരിശോധിക്കും.
പുതിയ അരവണ പ്ലാന്റ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.
നടപ്പാക്കാനാകുന്ന പദ്ധതികൾക്കായി സ്പോൺസർമാരെ കണ്ടെത്തും.
റൂം ബുക്ക് ചെയ്യുമ്പോൾ വാങ്ങുന്ന ഡെപ്പോസിറ്റ് തിരികെ ലഭിക്കാത്തത് സംബന്ധിച്ച് വ്യാപക പരാതികൾ ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അക്കോമഡേഷന് കീഴിൽ ഡെപ്പോസിറ്റ് തുക തിരികെ നൽകാൻ വേണ്ടി മാത്രം പ്രത്യേക കൗണ്ടർ ആരംഭിക്കുമെന്നും കെ ജയകുമാർ അറിയിച്ചു.















































































