വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ച് കോച്ച് കാര്‍ലോ ആഞ്ചലോട്ടി. ചിലി, ബൊളീവിയ എന്നിവര്‍ക്കെതിരായ 23 അംഗ ടീമിനെയാണ് ആഞ്ചലോട്ടി പ്രഖ്യാപിച്ചത്. സൂപ്പര്‍ താരങ്ങളായ നെയ്മര്‍ ജൂനിയര്‍, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ക്ക് സ്‌ക്വാഡില്‍ ഇടം ലഭിച്ചില്ല. അതേസമയം യുവതാരം ലൂക്കാസ് പാക്വെറ്റയെ ടീമില്‍ ഉള്‍പ്പെടുത്തി.
ബ്രസീല്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റതിന് ശേഷം ഇത് രണ്ടാം തവണയാണ് കാര്‍ലോ ആഞ്ചലോട്ടി നെയ്മറെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. പരിക്കാണ് താരത്തിന് വീണ്ടും തിരിച്ചടിയായിരിക്കുന്നതെന്ന് ആഞ്ചലോട്ടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെ സാന്റോസ് എഫ്‌സിക്ക് വേണ്ടിയുള്ള മത്സരത്തില്‍ നെയ്മറുടെ കാലിന്റെ പേശിക്ക് പരിക്കേറ്റിരുന്നു.
അതേസമയം റയല്‍ മാഡ്രിഡ് ഫോര്‍വേഡുകളായ വിനീഷ്യസ് ജൂനിയറെയും റോഡ്രിഗോയെയും ആഞ്ചലോട്ടി തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒരു മത്സരത്തിലെ സസ്പെന്‍ഷന്‍ കാരണമാണ് വിനീഷ്യസ് ജൂനിയറിനെ ഉള്‍പ്പെടുത്താത്തത്. ടീമിലേക്ക് തിരിച്ചെത്തിയ പാക്വെറ്റ ഇതിനകം അഞ്ച് യോഗ്യതാ മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ മെയ് മാസത്തില്‍ ആഞ്ചലോട്ടി ചുമതലയേറ്റതിനുശേഷം ബ്രസീലിനായി കളിച്ചിട്ടില്ല. അദ്ദേഹത്തെ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് പരിശീലകന്‍ പറഞ്ഞു.