*പ്രളയത്തിൽ തകർന്ന കടവുപുഴ പാലവും റോഡും പുനർനിർമ്മിക്കാൻ വൈകുന്ന സർക്കാർ നടപടിയ്ക്കെതിരെ അടുത്ത നിയമസഭാ സമ്മേളന സമയത്ത് നിയമസഭയ്ക്കു മുന്നിൽ സത്യഗ്രഹ സമരം നടത്തുമെന്ന് മാണി സി കാപ്പൻ എം എൽ എ*
മൂന്നിലവ് കടവുപുഴ പാലം തകർന്നിട്ടു ഒരു വർഷം പിന്നിട്ടിട്ടും പുനർനിർമ്മിക്കാൻ സർക്കാർ അനാസ്ഥ കാണിക്കുന്നതിൽ പ്രതിഷേധിച്ചു യു ഡി എഫ് സംഘടിപ്പിച്ച ധർണ്ണ സമരത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എം എൽ എ.
പാലം തകർന്നതോടെ ഈ മേഖലയിലുള്ളവർ ദുരിതത്തിലാണ്. ആറു കിലോമീറ്റർ സഞ്ചരിക്കേണ്ട സ്ഥാനത്ത് 25 കിലോമീറ്റർ സഞ്ചരിക്കേണ്ട ഗതികേടിലാണ് ജനമെന്ന് കാപ്പൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം മന്ത്രിമാരടക്കമുള്ളവരുടെശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയെടുക്കാത്തത് പാലായോടുള്ള കടുത്ത അവഗണനയാണ്
ഗുരുതരമായ വിഷയം ശ്രദ്ധയിൽ വന്നിട്ടും റവന്യൂമന്ത്രി സ്ഥലം സന്ദർശിച്ചിട്ടില്ല.
പാലം പണി അടിയന്തിരമായി പൂർത്തീകരിക്കുമെന്ന് സഹകരണമന്ത്രി ഉറപ്പുനൽകിയെങ്കിലും പാലിച്ചിട്ടില്ല. അടിയന്തിരമായി നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
സമരത്തിന് യു ഡി എഫ് കൺവീനർ ഷൈൻ പാറയിൽ അധ്യക്ഷത വഹിച്ചു. ധർണ്ണാസമരം കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.