കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജൻ ഡോ. ഷേർലി വാസു (68) ഇനി ഓർമ. നിയമപാലകർക്ക് മുന്നില്‍ വഴിമുട്ടിയ കേസുകളില്‍ ശാസ്ത്രീയ തെളിവുകളിലൂടെ നിർണായക വഴിത്തിരിവുകളുണ്ടാക്കിയ വ്യക്തിത്വവുമായിരുന്നു ഡോ. ഷേർലി വാസു. വ്യാഴാഴ്ച രാവിലെ കോഴിക്കോട് മായനാട്ടെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഫോറൻസിക് സർജൻ എന്ന നിലയില്‍ ശ്രദ്ധേയയായ ഡോ. ഷേർലി, മുപ്പത് വർഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ഇരുപതിനായിരത്തിലധികം പോസ്റ്റ്‌മോർട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. ചേകന്നൂർ മൗലവി കേസ്, സൗമ്യ കേസ്, കാസർകോട് ഏറെ കോളിളക്കം സൃഷ്ടിച്ച സഫിയ കേസ് തുടങ്ങി കേരളത്തിലെ നിരവധി ശ്രദ്ധേയമായ കേസുകളില്‍ ഡോക്ടറുടെ നിരീക്ഷണങ്ങളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളും നിർണായക തെളിവുകളായി മാറി. നിയമത്തിന്റെ കണ്ണില്‍നിന്ന് പലപ്പോഴും മറഞ്ഞുപോകുമായിരുന്ന സത്യങ്ങളെ ശാസ്ത്രീയമായി വെളിച്ചത്തുകൊണ്ടുവരുന്നതില്‍ അവർ വലിയ പങ്കുവഹിച്ചു.
1982-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ട്യൂട്ടറായാണ് ഡോ. ഷേർലി വാസു തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന്, 1984-ല്‍ ഫോറൻസിക് മെഡിസിനില്‍ എം.ഡി. ബിരുദം നേടി. കോട്ടയം മെഡിക്കല്‍ കോളേജില്‍ അസിസ്റ്റൻ്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ പദവികള്‍ വഹിച്ച ശേഷം 1997 മുതല്‍ 1999 വരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രൊഫസറായി ഡെപ്യൂട്ടേഷനില്‍ പ്രവർത്തിച്ചു. അതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തിരിച്ചെത്തി ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു. ഔദ്യോഗിക കാലയളവില്‍ ആയിരക്കണക്കിന് കേസുകള്‍ പരിശോധിക്കുകയും, നൂറുകണക്കിന് വിദ്യാർത്ഥികള്‍ക്ക് ഫോറൻസിക് മെഡിസിൻ വിഭാഗത്തില്‍ അറിവ് പകർന്നു നല്‍കുകയും ചെയ്തിട്ടുണ്ട്.
തൻ്റെ ഔദ്യോഗിക ജീവിതത്തില്‍ അവർ സ്വീകരിച്ച ധീരമായ നിലപാടുകള്‍ പലപ്പോഴും ചർച്ചാവിഷയമായിട്ടുണ്ട്. സൗമ്യ വധക്കേസില്‍, പ്രോസിക്യൂഷൻ മെഡിക്കല്‍ തെളിവുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അവർ തുറന്നുപറഞ്ഞിരുന്നു. അതുപോലെ, നിയമപാലകർക്ക് വഴിമുട്ടിയ കാസർകോട് സഫിയ കേസില്‍, അത് വെറുമൊരു മരണമല്ല, മറിച്ച് ഒരു കൊലപാതകമാണെന്ന് ശാസ്ത്രീയ തെളിവുകളിലൂടെ തെളിയിച്ചതും ഡോക്ടറുടെ നിരീക്ഷണങ്ങളായിരുന്നു.
സർക്കാർ സർവീസില്‍നിന്ന് വിരമിച്ച ശേഷം കോഴിക്കോട് മുക്കത്തെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഫോറൻസിക് വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഴുതിയ 'പോസ്റ്റ്‌മോർട്ടം ടേബിള്‍' എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്. കേരളത്തിന് നഷ്ടമായത് തന്റെ തൊഴിലിനോട് തികഞ്ഞ സൂക്ഷ്മതയും നൈതികതയും ഉയർത്തിപ്പിടിച്ച പ്രതിഭാധനയായ ഒരു വനിതാ ഫോറൻസിക് വിദഗ്ദ്ധയെയാണ്.
ഡോ. ഷേർലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം കോഴിക്കോട് മായനാടുള്ള വസതിയിലേക്ക് കൊണ്ടുപോയി. അഞ്ച് മണിയോടെ കോഴിക്കോട് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍.