ചരക്ക് സേവന നികുതി പരിഷ്കാരങ്ങളിലൂടെ രാജ്യത്തെ സാധാരണ ജനങ്ങൾക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഇത് ജനങ്ങളുടെ കൈവശമുള്ള പണം വർദ്ധിപ്പിക്കുകയും കൂടുതൽ ചെലവഴിക്കലുകൾക്ക് അവസരമൊരുക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു. വിശാഖപട്ടണത്ത് നടന്ന ജി.എസ്.ടി. പരിഷ്കാരങ്ങളെക്കുറിച്ചുള്ള ഔട്ട്റീച്ച് ആൻഡ് ഇന്ററാക്ഷൻ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജി.എസ്.ടി. വരുമാനത്തിൻ്റെ 12 ശതമാനം സംഭാവന ചെയ്യുന്ന 99 ശതമാനം ഉൽപ്പന്നങ്ങളും 5 ശതമാനം നികുതി സ്ലാബിലേക്ക് മാറ്റിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇടത്തരം, പാവപ്പെട്ട ജനങ്ങൾക്ക് വലിയ പ്രയോജനം ചെയ്യും. ഉപഭോക്താക്കളുടെ നികുതിഭാരം കുറയ്ക്കുന്നതിനും സമ്പദ്വ്യവസ്ഥയിലെ പണലഭ്യത വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ജി.എസ്.ടി. കൗൺസിൽ ഈ തീരുമാനം എടുത്തതെന്നും അവർ വ്യക്തമാക്കി. ജിഎസ്ടി. പരിഷ്കാരങ്ങളിലൂടെ വിവിധ വ്യവസായങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ പത്തിരട്ടി നേട്ടമാണ് പൊതുജനങ്ങൾക്ക് ഉണ്ടാകാൻ പോകുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു.
2018-ൽ 7.19 ലക്ഷം കോടി രൂപയായിരുന്ന ജി.എസ്.ടി. വരുമാനം 2025-ൽ 22.08 ലക്ഷം കോടി രൂപയായി വർദ്ധിച്ചതായും അവർ അറിയിച്ചു. നികുതിദായകരുടെ എണ്ണം 65 ലക്ഷത്തിൽ നിന്ന് 1.51 കോടിയായി ഉയർന്നതായും മന്ത്രി പറഞ്ഞു.