ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കകം പതിവുപോലെ തലസ്ഥാനനഗരം വെടിപ്പാക്കി നഗരസഭ. 2000 തൊഴിലാളികൾ ഒരേ മനസോടെ കഠിനാധ്വാനം ചെയ്താണ് നഗരം വൃത്തിയാക്കിയത്. ചവറെല്ലാം തൂത്തുവാരിമാറ്റി റോഡ് വൃത്തിയാക്കിക്കഴിഞ്ഞു. പൊങ്കാലയർപ്പിച്ച് ഭക്തർ മടങ്ങിത്തുടങ്ങിയപ്പോൾ തന്നെ ശുചീകരണ തൊഴിലാളികൾ ജോലിയാരംഭിച്ചു. കോർപറേഷൻ്റെ 800 ശുചീകരണ തൊഴിലാളികൾക്ക് പുറമെ പൊങ്കാലയ്ക്കായി 1200 പേരെ ദിവസക്കൂലിക്ക് ജോലിക്കെടുത്തിരുന്നു. നഗരത്തിലെ 15 ഹെൽത്ത് സർക്കിളുകളിലായി ഇവരെ വിന്യസിച്ചായിരുന്നു ശുചീകരണം. ഇവരുടെ മേൽനോട്ടത്തിനായി 100 ഉദ്യോഗസ്ഥരും.
