ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസിൻ്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വേലിക്കകത്ത് വീട്ടിൽ നിന്ന് ആലപ്പുഴയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി. ആയിരക്കണക്കിന് ആളുകളാണ് വിഎസിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ വീട്ടിലെത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ചാണ് എന്നും സമയനിഷ്ഠ പുലർത്തിയ വിഎസിൻ്റെ അവസാനയാത്ര.
ഇവിടെ നിന്ന് അര മണിക്കൂറിനുള്ളിൽ പൊതുദർശനം പൂർത്തിയാക്കി ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് വിലാപയാത്ര നീങ്ങും. പൊതുജനങ്ങൾക്ക് ഇവിടെയും വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാനാവും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖ നേതാക്കൾ ജില്ലാ കമ്മിറ്റി ഓഫീസിലുണ്ട്. സംസ്കാര സമയത്തിൽ മാറ്റമുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയതാണ്.
പാര്‍ട്ടി ഓഫീസിലെയും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലെയും പൊതുദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ട് അഞ്ചുമണിയോടെ വലിയചുടുകാട്ടില്‍ സംസ്‌കാരം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, ഈ സമയക്രമത്തിലൊക്കെ വലിയമാറ്റങ്ങള്‍ വരാം. തുടര്‍ന്ന് ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷം വലിയചുടുക്കാട്ടില്‍ സംസ്‌കാരം നടക്കും.