കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണ മരിച്ച ബിന്ദുവിന്റെ മകൾ നവമിയുടെ (21) ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.
രാവിലെ 7.30 ഓടെ ശസ്ത്രക്രിയ നടപടികൾ ആരംഭിച്ചു.
പിന്നീട് വൈകുന്നേരം 5.30 നായാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചത്.
ആന്ധ്രപ്രദേശിൽ ബിഎസ് സി നേഴ്സിങ് നാലാം വർഷ വിദ്യാർഥിനിയാണ് നവമി.
പഠന സ്ഥലത്ത് വച്ച് ഉണ്ടായ അണുബാധ മൂലമാണ് ശസ്ത്രക്രിയ നടത്തുന്നത്.
ഒരു വർഷം മുമ്പ് നടുവിന് വേദനയായാണ് രോഗാവസ്ഥ തുടങ്ങിയത്. പിന്നീട് കഴുത്തിന് പിന്നിലും, നടുവിലുമായി അണുബാധ ഗുരുതരമായി ബാധിക്കുകയായിരുന്നു.
ആദ്യം താക്കോൽദാര ശസ്ത്രക്രിയയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഗൗരവം കണക്കിലെടുത്ത് ഈ രീതി മാറ്റിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
നിലവിൽ ഐസിയുവിലാണ് നവമി. ഒരാഴ്ചയോളം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞശേഷം കൃത്യമായ പരിചരണത്തിൽ ചികിത്സ തുടണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാറിൻ്റെ മേൽനോട്ടത്തിൽ ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടർമാരായ ടോം, ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.