തമിഴ്നാട്: തമിഴ്നാട്ടിലെ മഹാബലിപുരത്തിന് അടുത്ത് മാൻദൗസ് ചുഴലിക്കാറ്റ് കര തൊട്ടു. ചെന്നൈ അടക്കം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ കാറ്റും മഴയും ആണ് ലഭിക്കുന്നത്. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യൂനമർദ്ദം ആകുമെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി. കാറ്റിന്റെ ശക്തി കുറഞ്ഞ് 65 കിലോമീറ്റർ വേഗതയിലാണ് വീശുന്നത്. വടക്ക് പടിഞ്ഞാറൻ ദിശയിലാണ് കാറ്റിൻറെ സഞ്ചാരം. വൈകിട്ടോടെ ന്യൂനമർദ്ദമായി ശക്തി കുറയും എന്നാണ് വിലയിരുത്തുന്നത്.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ ലാൻഡ് ചെയ്യുന്നതും അവിടെനിന്നും പറന്നുയരുന്നതുമായ 13 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ചെന്നൈ ചെങ്കൽപേട്ട്, കടലൂർ, തിരുവള്ളൂർ, വിഴുപ്പുറം, റാണിപേട്ട് തുടങ്ങിയ ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ട്.
