കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ബലമായി ഇറക്കിക്കൊണ്ട് പോയ സംഭവത്തിൽ, വീഴ്ച പറ്റിയത് എം എൽ എക്കെന്ന് അന്വേഷണ റിപ്പോർട്ട്.
ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തയ്യാറാക്കിയ റിപ്പോർട്ട് വനംമന്ത്രിക്ക് കൈമാറി. ആന ഷോക്കേറ്റ് ചരിഞ്ഞ കേസിൻ്റെ അന്വേഷണം എം എൽ എയുടെ നീക്കം മൂലം തടസ്സപ്പെട്ടു. എം എൽ എയും പൊലീസും ചേർന്ന് വനംവകുപ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ഇറക്കിക്കൊണ്ടുപോയി. എം എൽ എയുടെത് അപക്വമായ പെരുമാറ്റമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ കമൽഹാർ ആണ് റിപ്പോർട്ട് സമർപ്പിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോർട്ടിലുണ്ട്. അതേ സമയം, കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ബലമായി ഇറക്കിക്കൊണ്ട് പോയ സംഭവത്തിൽ കോന്നി എംഎൽഎയ്ക്ക് എതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി. വനം വകുപ്പിലെ ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷൻ എം എൽ എക്ക് എതിരെ സ്പീക്കർ, മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകി.
ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് എം എൽ എക്കെതിരെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പരാതി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ എം എൽ എ ക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനയുടെ പരാതി.














































































