27 വയസ് മാത്രം പ്രായമുള്ള കശ്മീരി പണ്ഡിറ്റ് നഴ്‌സായിരുന്നു സർള ഭട്ട്. ജമ്മുകശ്മീരിലെ ശ്രീനഗറിലുള്ള ഷെർ - ഇ - കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയസിലായിരുന്നു ജോലി ചെയ്തിരുന്നത്. അനന്തനാഗിൽ ജനിച്ച ഭട്ട്, 1990കളിൽ കശ്മീരിൽ ഭീകരവാദം ശക്തമായിരുന്ന സമയത്ത് പാക് ഭീകരവാദികളെ നേരിട്ട് എതിർക്കാൻ ധൈര്യം കാട്ടിയ വ്യക്തിയായിരുന്നു.
1990ലെ ഏപ്രിൽ മാസം 18ന് ആയുധധാരികളായ തീവ്രവാദികൾ സർളയെ ഹബ്ബാ ഖാത്തൂൺ ഹോസ്റ്റലിൽ നിന്നും തട്ടിക്കൊണ്ടുപോയി. കശ്മീർ താഴ്വരയിലെ സർക്കാർ ജോലികളിൽ നിന്നും കശ്മീരി പണ്ഡിറ്റുകൾ ഒഴിഞ്ഞ് പോകണമെന്ന നിർദേശം പാലിക്കാൻ സർള തയ്യാറായിരുന്നില്ല. പിറ്റേദിവസം മല്ലാബാഗിലെ ഉമർ കോളനിയിൽ ഒന്നിലധികം വെടിയുണ്ടകൾ തുളച്ചുകയറി സർളയുടെ മൃതദേഹം കണ്ടെത്തി.
കശ്മീരി പണ്ഡിറ്റുകളെ കശ്മീർ താഴ്വരയിൽ നിന്നും പൂർണമായും ഒഴിവാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു ഈ കൊലപാതകം. നിലവിൽ ജമ്മുകശ്മീരിലെ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി സർളയുടെ കൊലപാതക കേസ് റീഓപ്പൺ ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ശ്രീനഗറിലെ എട്ടോളം പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സർളയുടെ കൊലപാതകത്തിന് ശേഷം അവരുടെ വീട്ടുകാർക്ക് നേരെ ഭീഷണിയുണ്ടായിരുന്നു. സർളയുടെ സംസ്‌കാരത്തിൽ പങ്കെടുക്കരുത് എന്നായിരുന്നു ഭീഷണി.
ഇത്തരത്തിൽ കൊലപാതകങ്ങൾ സ്ഥിരമായതോടെ നിരവധി കശ്മീരി പണ്ഡിറ്റുകളാണ് കശ്മീരിൽ നിന്നും പാലായനം ചെയ്തത്. 1990ന്റെ പകുതിയോടെ നാല് ലക്ഷത്തോളം പണ്ഡിറ്റുകൾ ജമ്മു, ഡൽഹി, ഉൾപ്പെടെ രാജ്യത്തെ മറ്റ് സ്ഥലങ്ങളിലെ പാലായനം ചെയ്തു.സർളയുടെ കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന കണ്ടെത്താൻ സഹായകമാകുന്ന ഡിജിറ്റൽ വിവരങ്ങളും മറ്റു ചില രേഖകളും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. മുൻ ജെകെഎൽഎഫ് നേതാവ് പീർ നൂറുൽ ഹഖ് ഷായുടെ വീട്ടിൽ വരെ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. സർളയെ ക്രൂരമായി ഉപദ്രവിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയുമാണ് കൊലപ്പെടുത്തിയത്.