അറബിക്കടലിൽ രൂപംകൊണ്ട 'ബൈപാർജോയ്' ചുഴലിക്കാറ്റ് ദിശ മാറാതെ തന്നെ തുടരുന്നു. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ, ജൂൺ 15 ഉച്ചയോടെ കച്ചിലെ മാണ്ഡവിക്കും പാകിസ്ഥാനിലെ കറാച്ചിക്കും ഇടയിൽ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഗുജറാത്തിലെ എല്ലാ തീരദേശ ജില്ലകളിലും ഭരണകൂടം ജാഗ്രതയിലാണ്. ജൂൺ 15, 16 തീയതികളിൽ കച്ച്, ജാംനഗർ, ദേവഭൂമി ദ്വാരക എന്നിവിടങ്ങളിൽ ശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
*ബൈപാർജോയ് ചുഴലിക്കാറ്റ്: കച്ചിൽ 144 പ്രഖ്യാപിച്ചു.*
കച്ചിലെ തീരപ്രദേശങ്ങളിൽ ഇന്ന് മുൻകരുതൽ നടപടിയായി ഭരണകൂടം സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ദ്വാരകയിൽ ഇന്ന് അർദ്ധരാത്രി മുതൽ 144-ാം വകുപ്പ് ഏർപ്പെടുത്തും. ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യത ഉള്ള പ്രദേശങ്ങളില്‍ മനുഷ്യനഷ്ടം ഒഴിവാക്കുന്നതിനാണ് സെക്ഷൻ 144 ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് കച്ച് ജില്ലാ ഭരണകൂടം അറിയിച്ചു, അതേസമയം, ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് കച്ചിലെ തീരപ്രദേശത്തുള്ള കോട്ടേശ്വര ക്ഷേത്രത്തിലെ ഭക്തർക്കും വിനോദസഞ്ചാരികൾക്കും ജൂൺ 13 മുതൽ ജൂൺ 15 വരെ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്.
ഓഖ കടലിൽ വീശിയടിച്ച കൊടുങ്കാറ്റില്‍ സ്വകാര്യ കമ്പനിയുടെ ഓയിൽ റിഗിൽ കുടുങ്ങിയ 11 ജീവനക്കാരെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. കച്ചിൽ ചുഴലിക്കാറ്റുണ്ടാകുമെന്ന പ്രവചനത്തെ തുടർന്ന് തുറമുഖത്തിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. ഇതുകാരണം തുറമുഖത്ത് സാധനങ്ങൾ കയറ്റാനും ഇറക്കാനും വന്ന ട്രക്ക് ഡ്രൈവർമാർ കുടുങ്ങിക്കിടക്കുകയാണ്. ഭുജിലെ ലഖുരായ് ചാർ റോഡിന് സമീപം മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ശക്തമായ കാറ്റിലാണ് മതിൽ തകർന്നതെന്ന് മരിച്ച കുട്ടികളുടെ കുടുംബങ്ങൾ പറഞ്ഞു.
*ബൈപാർജോയ് ചുഴലിക്കാറ്റ്: പശ്ചിമ റെയിൽവേയുടെ പല ട്രെയിനുകളും റദ്ദാക്കി*
ഗുജറാത്തിൽ 'ബിപാർജോയ്' ചുഴലിക്കാറ്റ് ആസന്നമായതിനാൽ, ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യത ഉള്ള പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന 67 ട്രെയിനുകൾ റദ്ദാക്കാൻ പശ്ചിമ റെയിൽവേ തീരുമാനിച്ചു. റദ്ദാക്കലുകളാൽ ബാധിക്കപ്പെട്ട യാത്രക്കാർക്ക് നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി റീഫണ്ടിന് അർഹതയുണ്ടെന്ന് തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ യാത്രക്കാരുടെ സൗകര്യാർത്ഥം ഗാന്ധിധാം, ഭുജ് സ്റ്റേഷനുകളിൽ ഹെൽപ്പ് ഡെസ്കുകളും ആരംഭിച്ചിട്ടുണ്ട്.ഗാന്ധിധാം ഹെൽപ്പ് ഡെസ്ക് നമ്പർ 02836-239002, ഭുജ് ഹെൽപ്പ് ഡെസ്ക് നമ്പർ 9724093831 എന്നിവ പ്രഖ്യാപിച്ചു. ട്രെയിനുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിയാൻ യാത്രക്കാർക്ക് നമ്പറിൽ ബന്ധപ്പെടാം.