ന്യൂഡൽഹി: രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ തലസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് നടന്ന പരേഡിന് ഏകദേശം 65,000 ആളുകൾ സാക്ഷ്യം വഹിച്ചു. ഡൽഹി പോലീസിന് പുറമെ അർദ്ധസൈനിക വിഭാഗവും എൻഎസ്ജിയും ഉൾപ്പെടുന്ന പരേഡിന് ആറായിരത്തോളം ജവാന്മാരെയാണ് സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്നത്. 150 ഓളം സിസിടിവി ക്യാമറകളുടെ സഹായത്തോടെ കർത്തവ്യ പാത നിരീക്ഷിക്കുന്നു.റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ പ്രധാന ആകർഷണമായ പരേഡ് രാവിലെ 10 മണിക്ക് ഡൽഹിയിലെ കർത്തവ്യ പാതയിൽ ആരംഭിച്ചു.

സായുധ സേനയുടെയടക്കം പ്രദർശന മാർച്ചുകൾ, വിവിധ സംസ്ഥാന, കേന്ദ്ര വകുപ്പുകളിൽ
നിന്നുള്ള ടാബ്ലോകൾ എന്നിവ പ്രദർശിപ്പിച്ചു. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൻ്റെ ഒട്ടക
സംഘത്തിൻ്റെ ഭാഗമായുള്ള പരേഡിൽ ആദ്യ വനിതാ റൈഡർമാരും പങ്കെടുത്തു. സായുധസേന, കേന്ദ്ര അർദ്ധസൈനിക
സേന, ഡൽഹി പോലീസ്, നാഷണൽ കേഡറ്റ് കോർപ്‌സ്, എൻഎസ്എസ്, 19 സൈനിക പൈപ്പുകൾ, ഡ്രംസ് ബാൻഡുകൾ
എന്നിവയിൽ നിന്നുള്ള 16 മാർച്ചിംഗ് സംഘങ്ങളാണ് പരേഡിലുള്ളത്. ഈജിപ്ത് പ്രസിഡന്റ്
അബ്ദുൽ ഫത്താഹ് എൽ സിസിയാണ് ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനത്തിലെ മുഖ്യാഥിതി.
ഇന്ത്യയുടെ റിപ്പബ്ലിക് ദിന മുഖ്യാതിഥിയായി ക്ഷണിക്കപ്പെടുന്ന ആദ്യത്തെ ഈജിപ്ഷ്യൻ
നേതാവാണ് അദ്ദേഹം.