തിരുവല്ല: പോലീസ് ആസ്ഥാനത്തെ എഐജി വി.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനമിടിച്ചുണ്ടായ അപകടത്തില്‍ വിചിത്ര നടപടിയുമായി പോലീസ്. പരിക്കേറ്റ കാല്‍നടക്കാരനായ യുവാവിനെ പ്രതിയാക്കി തിരുവല്ല പോലീസ് കേസെടുത്തു. പത്തനംതിട്ട എസ്പി അറിയാതെയാണ് പോലീസിന്റെ ഈ നടപടി.
ഓഗസ്റ്റ് 30-ന് തിരുവല്ലയില്‍ വെച്ചാണ് വിനോദ് കുമാറിന്റെ സ്വകാര്യവാഹനം അപകടത്തില്‍പ്പെടുന്നത്. അദ്ദേഹം തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു. അപകടത്തില്‍ കാല്‍നടക്കാരനായ ഇതരസംസ്ഥാനതൊഴിലാളിക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഇതരസംസ്ഥാനതൊഴിലാളിയായ കാല്‍നടക്കാരനെ പ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുന്നത്. വാഹനത്തിന്റെ ഡ്രൈവർ പോലീസ് ഉദ്യോഗസ്ഥനാണ്. ഈ ഡ്രൈവറുടെ മൊഴി വാങ്ങിയാണ് പോലീസ് നടപടി.
സാധാരണഗതിയില്‍ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ഡ്രൈവറെ പ്രതിയാക്കിയാണ് കേസെടുക്കാറുള്ളത്. ഇവിടെ പരിക്കേറ്റയാള്‍ക്കെതിരേയാണ് പോലീസ് കേസ്. സംഭവം നടക്കുമ്പോള്‍ പത്തനംതിട്ട എസ്പി സംസ്ഥാനത്തുണ്ടായിരുന്നില്ല. അദ്ദേഹം അവധിയിലായിരുന്നു. ആ സമയത്താണ് പോലീസിന്റെ ഈ നടപടിയെന്നതാണ് ശ്രദ്ധേയം. വിഷയത്തില്‍ കടുത്ത അതൃപ്തിയിലാണ് എസ്പിയെന്നാണ് വിവരം. സംഭവം അന്വേഷിക്കാൻ ജില്ലാ ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചിട്ടുമുണ്ട്.